ന്യൂഡല്‍ഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. അമേരിക്കൻ കറൻസി ശക്തിപ്പെടുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും കാരണം തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 86.59 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ അദ്ദേഹത്തിന് 64 വയസ് തികയാൻ പോകുകയായിരുന്നു, ഡോളറിനെതിരെ അന്ന് രൂപയുടെ മൂല്യം 58.58 ആയിരുന്നു. അധികാരത്തിലെത്തിയതിന് ശേഷം രൂപയെ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് മോദി വാചാലനായി സംസാരിച്ചിരുന്നു. എന്നാല്‍, ഈ വർഷാവസാനം മോദിക്ക് 75 വയസ് തികയാൻ ഒരുങ്ങുമ്പോൾ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതിനകം 86 കടന്നിരിക്കുന്നുവെന്ന് ജയറാം രമേശ് എക്‌സ് പോസ്‌റ്റിലൂടെ വിമര്‍ശിച്ചു.
When Mr. Narendra Modi took over as PM he was about to turn 64 and the rupee was at 58.58 to the dollar.
— Jairam Ramesh (@Jairam_Ramesh) January 13, 2025
He waxed eloquent on making the rupee stronger and mockingly linked its fall to his predecessor's age.
Well, now as Mr. Modi prepares to turn 75 later in the year, the rupee…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപങ്ങളും രൂപയുടെ മൂല്യവും കുറയുന്നത് സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര സര്‍ക്കാരിന്‍റെ പാളിച്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡിസംബർ 30 ന് 85.52 എന്ന നിലയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ ഇന്ത്യൻ കറൻസി വലിയ ഇടിവ് നേരിട്ടിട്ടുണ്ട്. നമ്മുടെ ഓഹരി വിപണികളിലെ വിദേശ നിക്ഷേപകർ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 2 ബില്യൺ ഡോളർ പിൻവലിച്ചു.
മന്ദഗതിയിലുള്ള സ്വകാര്യ നിക്ഷേപം, ഉപഭോഗ വളർച്ചയിലെ മാന്ദ്യം, സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ പോരായ്‌മകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ടാണ് വിദേശ നിക്ഷേപകര്‍ നമ്മുടെ ഓഹരി വിപണിയില്‍ നിന്ന് പിൻവാങ്ങിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.