ന്യൂഡല്‍ഹി: ജമ്മു കശ്‌മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ "അപ്രതീക്ഷിതം" എന്ന് പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വൈകിയതും, തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ ഫലപ്രസിദ്ധീകരണം 2 മണിക്കൂറോളം മന്ദഗതിയില്‍ ആയതും ഉള്‍പ്പെടെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും വിജയമാണ് ജമ്മു കശ്മീരിലേതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് 'ഇന്ത്യ'യുടെ വിജയമെന്നും വിശേഷിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു."ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ നന്ദി. ഇന്ത്യയുടെയും, ഭരണഘടനയുടെയും, ജനാധിപത്യ ആത്മാഭിമാനത്തിൻ്റെയും വിജയമാണ് കശ്‌മീരില്‍ ഉണ്ടായത്. ഹരിയാനയിലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിരവധി നിയമസഭ മണ്ഡലങ്ങളിൽ നിന്നും വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നുവരുന്നു,” എന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
ഹരിയാനയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി സാമൂഹികവും സാമ്പത്തികവുമായ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും വ്യക്തമാക്കി. "ഹരിയാനയിലെ എല്ലാ ജനങ്ങൾക്കും അവരുടെ പിന്തുണയ്‌ക്കും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരുടെ പരിശ്രമത്തിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും, നിങ്ങൾക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്നത് ഞങ്ങള്‍ തുടരും," എന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും