ന്യൂഡല്‍ഹി:ഗുർപത്‌വന്ത് സിങ് പന്നൂനിന്‍റെ നേതൃത്വത്തിലുള്ള സിഖ്‌സ് ഫോർ ജസ്റ്റിസിനെ (എസ്‌എഫ്‌ജെ) അഞ്ച് വര്‍ഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാറിന്‍റെ വിജ്ഞാപനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. എസ്‌എഫ്‌ജെയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് ജൂലൈ 8-ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ട്രൈബ്യൂണൽ ശരിവച്ചിരിക്കുന്നത്. സംഘടനയ്‌ക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ ബോധ്യപ്പെട്ടതായി ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ടയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യല്‍, ആയുധങ്ങളും സ്ഫോടകവസ്‌തുക്കളും വാങ്ങി സംഭരിക്കല്‍, കള്ളക്കടത്ത്, തീവ്രവാദത്തിന് ധനസഹായം നൽകല്‍, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾക്ക് എതിരെ വധഭീഷണികൾ മുഴക്കുക, സിഖ് സൈനികരെ കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തെളിവുകളാണ് കേന്ദ്രം എസ്‌എഫ്‌ജെയ്‌ക്ക് എതിരെ യുഎപിഎ ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ചത്.
ഇതിന് പുറമെ ബാബർ ഖൽസ ഇന്‍റര്‍നാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഖാലിസ്ഥാനി തീവ്രവാദ, വിഘടനവാദി ഗ്രൂപ്പുകളുമായുള്ള എസ്എഫ്ജെയുടെ ബന്ധം, പാക്കിസ്ഥാന്‍റെ ഐഎസ്‌ഐയുമായുള്ള ബന്ധം, പഞ്ചാബിലെ തീവ്രവാദ കലാപത്തിനുള്ള ശ്രമങ്ങള്‍ എന്നിവയും ഗുരുതരമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. നിമയ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ, 2019-ൽ എസ്എഫ്‌ജെയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ സമാന നിരോധനം ഏർപ്പെടുത്തിയിരുന്നു.
Read More: കലോത്സവ മൂല്യനിർണയത്തിൽ ദുർഗന്ധം, വേരുകൾ തേടിപ്പോയാൽ വ്യക്തമാകും; സർക്കാരിന് ഹൈക്കോടതി വിമർശനം - KALOLSAVAM 2025