അഗർത്തല :സ്വന്തം കുഞ്ഞിനെ ജനിച്ചു വീണതിന്‍റെ പിറ്റേദിവസം തന്നെ വില്‍ക്കേണ്ടി വന്ന ഒരമ്മയുടെ വേദനാജനകമായ വെളിപ്പെടുത്തലിന് സാക്ഷിയായിരിക്കുകയാണ് രാജ്യം. കടുത്ത ദാരിദ്ര്യം കാരണം ത്രിപുരയിലെ ആദിവാസി യുവതിക്ക് നവജാതശിശുവിനെ വില്‍ക്കേണ്ടി വന്നു. ത്രിപുര ധലായ് ജില്ലയിലെ യുവതിയാണ് തൻ്റെ കുഞ്ഞിനെ 5,000 രൂപയ്ക്ക് വിറ്റതെന്ന് ഉദ്യോഗസ്ഥൻ ശനിയാഴ്‌ച പറഞ്ഞു.
പടിഞ്ഞാറൻ ത്രിപുര ജില്ലയില്‍ ഹെസാമരയിലെ ദമ്പതികള്‍ക്കാണ് നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ യുവതി വിറ്റത്. ഗണ്ഡച്ചേര സബ്‌ഡിവിഷനിലെ തരബൻ കോളനിയിലെ മൊർമതി (39) ബുധനാഴ്‌ച വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി. അഞ്ച് മാസം മുമ്പ് ഭർത്താവിൻ്റെ മരണത്തെത്തുടർന്ന് കടുത്ത ദാരിദ്ര്യത്തില്‍ വലഞ്ഞ അവര്‍ അടുത്ത ദിവസം തന്നെ കുട്ടിയെ ഹെസാമാരയിലെ ഒരു ദമ്പതികൾക്ക് 5,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.
'ഇതിനകം തന്നെ യുവതിക്ക് രണ്ട് ആൺമക്കളും ഒരു പെണ്‍കുഞ്ഞുമുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ മറ്റൊരു കുട്ടിയെ കൂടി താങ്ങാൻ അവര്‍ക്ക് കഴിഞ്ഞില്ല. ഈ നിരാശയാണ് കുട്ടിയെ വിൽക്കാനുള്ള തീരുമാനത്തിലേക്ക് യുവതിയെ നയിച്ചത്. വിവരം ലഭിച്ചയുടൻ, ഞങ്ങൾ കുഞ്ഞിനെ വീണ്ടെടുത്ത് അമ്മയ്‌ക്ക് തന്നെ നല്‍കുകയായിരുന്നു' -സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അരിന്ദം ദാസ് പറഞ്ഞു.