ന്യൂഡല്‍ഹി :മഹാരാഷ്‌ട്ര കേഡറിലെ വിവാദ ഐഎഎസ് പ്രൊബേഷനറി ഓഫിസര്‍ പൂജ ഖേദ്‌ക്കറിന്‍റെ ഐഎഎസ് റദ്ദാക്കി. പരിശീലനത്തിലുണ്ടായിരുന്ന പൂജ ഖേദ്ക്കറിന് യുപിഎസ്‌സി വിലക്കും ഏര്‍പ്പെടുത്തി. ഇവരുടെ ഇപ്പോഴത്തെ ഐഎഎസ് റദ്ദാക്കുകയും ഭാവിയില്‍ യുപിഎസ്‌സി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തു.
സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങള്‍ പൂജ ലംഘിച്ചതായി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി യുപിഎസ്‌സി അറിയിച്ചു. 2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ പങ്കാളിത്തം റദ്ദാക്കിയതായും യുപിഎസ്‌സി അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുപിഎസ്‌സിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ മാസം 25ന് മുമ്പ് വിശദീകരണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഓഗസ്റ്റ് നാല് വരെ സമയം നീട്ടി ചോദിച്ചു. കൂടുതല്‍ രേഖകള്‍ ശേഖരിക്കണമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഈ ആവശ്യം.
യുപിഎസ്‌സി അവരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും സമയം ജൂലൈ 30ന് വൈകിട്ട് 3.30 വരെയാക്കുകയും ചെയ്‌തു. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സമയം അനുവദിച്ചിട്ടും പൂജ മറുപടി നല്‍കിയില്ല.
പൂജ ഖേദ്ക്കറുടെ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 2009 മുതല്‍ 2023 വരെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ 15000 പേരുടെ വിവരങ്ങളില്‍ പുനപരിശോധന നടത്തുമെന്നും യുപിഎസ്‌സി വ്യക്തമാക്കി. പൂജ തന്‍റെയും മാതാപിതാക്കളുടെയും അടക്കം പേരുകള്‍ മാറ്റിയെന്നും കണ്ടെത്തി.
വ്യാജ പിന്നാക്ക, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ദിഷ്‌ട അധികൃതര്‍ തന്നെയാണോ കൊടുത്തിരിക്കുന്നത് എന്തും സര്‍ട്ടിഫിക്കറ്റ് നല്‍കിയ തീയതി അടക്കമുള്ളവയും പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പൂജ യുപിഎസ്‌സി പരീക്ഷ പാസായ ശേഷം സംവരണാനുകൂല്യത്തിനായി വ്യാജ ഭിന്നശേഷി - നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ ഇവരെ ആറ് തവണ വൈദ്യ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഹാജരായില്ല. മികച്ച സാമ്പത്തിക ശേഷിയുള്ള പൂജ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. ഇതില്‍ യുപിഎസ്‌സി പൂജയ്‌ക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് യുപിഎസ്‌സി വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്. യുപിഎസ്‌സി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് നല്‍കിയത്.
Also Read:കര്‍ഷകനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; പൂജ ഖേദ്‌കറുടെ പിതാവിന് ഇടക്കാല സംരക്ഷണം