മുര്‍ഷിദബാദ്: ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പശ്ചിമംബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി(TMC In Dilemma).
മുര്‍ഷിദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ തനിച്ച് മത്സരിക്കുമെന്ന് പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയില്‍ നിന്ന് ഔദ്യോഗികമായി ഒരു യെസോ നോയോ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യത്തിനുള്ള സമ്മതം അറിയിക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഇത് അവരുടെ ധര്‍മ്മസങ്കടത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി( Congress To Fight Alone).
ഇന്ത്യ മുന്നണയുമായി സഖ്യത്തിലല്ലാതെ തനിച്ച് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരാകുമെന്ന ഭയം മമതയ്ക്കുണ്ട്. ടിഎംസിയിലെ ഒരു വിഭാഗത്തിന് സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന ആഗ്രഹമുണ്ട്. സംസ്ഥാനത്ത് സഖ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മോദി സര്‍ക്കാര്‍ ഇഡിയെയും സിബിഐയെയും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുമെന്ന് ഒരു വിഭാഗം ഭയക്കുന്നു. ഈ രണ്ട് ധര്‍മ്മസങ്കടങ്ങളും കൂടി ടിഎംസിയെ ഒരു വ്യക്തമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തടയുന്നു. ഡല്‍ഹിയില്‍ ചിലപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകം. എന്നാല്‍ അത്തരം വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി(Adhir Ranjan Chowdhury).