തിരുപ്പതി (ആന്ധ്രാപ്രദേശ്) :തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ വൈകുണ്‌ഠ ഏകാദശി ദർശന ടോക്കണുകൾ നൽകുന്നതിനിടെയാണ് വന്‍ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിക്കുകയും 48 പേര്‍ കുഴഞ്ഞു വിഴുകയും ചെയ്‌തു. അപ്രതീക്ഷിതമായെത്തിയ ഭക്തജന പ്രവാഹത്തെ തുടർന്നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.
എന്താണ് സംഭവിച്ചത്?
വൈകുണ്‌ഠ ഏകാദശിയോടനുബന്ധിച്ച് തിരുമല ശ്രീവരി വൈകുണ്‌ഠ ദ്വാര ദർശനത്തിന് തിരുപ്പതിയിലെ 8 കേന്ദ്രങ്ങളിൽ ദർശന ടോക്കണുകൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ടിടിഡി ഉദ്യോഗസ്ഥർ ചെയ്‌തിരുന്നു. ഈ മാസം 10, 11, 12 തീയതികളിലായി 1.20 ലക്ഷം ടോക്കണുകളാണ് നൽകുക. വ്യാഴാഴ്‌ച പുലർച്ചെ 5 മണിക്ക് ആദ്യ ടോക്കണുകൾ വിതരണം ചെയ്യുമെന്ന് കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇതോടെ, ബുധനാഴ്‌ച രാവിലെ മുതൽ ഭക്തർ ടോക്കൺ വിതരണ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങി. ബൈരാഗിപട്ടേഡയിലെ രാമനായിഡു ഗവൺമെന്‍റ് ഹൈസ്‌കൂൾ, സത്യനാരായണപുരം ഇസഡ്‌പി ഹൈസ്‌കൂൾ, വിഷ്‌ണുനിവാസം, ശ്രീനിവാസം, ഇന്ദിര മൈതാനം, രാമചന്ദ്ര പുഷ്‌കരണി, എമർപള്ളി പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് ധാരാളം ഭക്തർ ഒഴുകിയെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം ജീവകോണയിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ ചെറിയ സംഘർഷം ഉടലെടുത്തിരുന്നു. എന്നാല്‍ തിരുപ്പതി എസ്‌പി സുബ്ബരായുഡു അവിടെയെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അതേസമയം, ബൈരാഗിപട്ടേഡയിലെ രാമനായിഡു ഹൈസ്‌കൂളിൽ വൻതോതിൽ തടിച്ചുകൂടിയ ഭക്തരെ അടുത്തുള്ള പത്മാവതി പാർക്കിലേക്ക് മാറ്റി. പാർക്കില്‍ നിന്ന ഭക്തജനങ്ങളിലൊരാള്‍ക്ക് രാത്രി 8:15 ഓടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇദ്ദേഹത്തിന് വൈദ്യ ചികിത്സ നൽകുന്നതിനായാണ് അധികൃതർ ഗേറ്റുകൾ തുറന്നത്.
എന്നാല്‍ ക്യൂവിലേക്ക് കടക്കാൻ ഗേറ്റുകൾ തുറന്നതാണെന്ന് തെറ്റിദ്ധരിച്ച് ഭക്തർ മുന്നോട്ട് തള്ളി നീങ്ങുകയായിരുന്നു. നിരവധി ഭക്തർ ഒന്നിച്ച് മുന്നോട്ട് തള്ളിയതോടെ പലരും താഴെ വീണു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട് പലരും ഗുരുതരാവസ്ഥയിലായി. പരിക്കേറ്റവരെ ഉടൻ തന്നെ റുയ, സ്വിംസ് ആശുപത്രികളിലേക്ക് മാറ്റി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ പുറത്തെത്തിക്കാന്‍ ഗേറ്റ് തുറന്നതോടെയാണ് ദുരന്തം സംഭവിച്ചതെന്ന് ജില്ലാ എസ്‌പി സുബ്ബരായുഡു പറഞ്ഞു. മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ സ്‌ത്രീകളാണ്. നർസിപട്ടണം സ്വദേശി ബുദ്ദേതി നായിഡു ബാബു, വിശാഖപട്ടണം സ്വദേശി രജനി, ലാവണ്യ, ശാന്തി, കർണാടക ബെല്ലാരിയിലെ നിർമ്മല എന്നിവരാണ് മരിച്ച സ്‌ത്രീകള്‍. നർസിപട്ടണത്തെ പെഡബൊഡ്ഡെപള്ളിയിലെ നായിഡു ബാബുവാണ് മരിച്ചവരില്‍ മറ്റൊരാള്‍.
ഭക്തരുടെ തിരക്ക് കൂടുതലായതിനാൽ, നേരത്തെ പ്രഖ്യാപിച്ച സമയത്തേക്കാൾ എട്ട് മണിക്കൂർ മുമ്പാണ് ടോക്കൺ വിതരണം ആരംഭിച്ചത്. തിരക്ക് വർധിച്ചതിനാലാണ് ടോക്കൺ നൽകാൻ തീരുമാനിച്ചതെന്ന് ടിടിഡി ഇഒ ശ്യാമള റാവു പറഞ്ഞു. കുഴഞ്ഞു വീണവരില്‍ ചിലര്‍ റുയ ആശുപത്രിയിലും ചിലര്‍ സ്വിംസ് ആശുപത്രിയിലും ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ഭക്തരെ ടിടിഡി ചെയർമാനും ബോർഡ് അംഗങ്ങളും സന്ദർശിച്ചു.
Also Read:തിരുപ്പതി ക്ഷേത്രത്തിൽ ദർശന കൂപ്പൺ വിതരണത്തിനിടെ തിക്കും തിരക്കും; ആറുപേർക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി