ന്യൂഡല്‍ഹി: സാങ്കേതിക മുന്നേറ്റങ്ങളെ, പ്രത്യേകിച്ച് ഡ്രോണുകളെയും നിര്‍മ്മിത ബുദ്ധിയെയും മറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്യുന്ന രീതി വിമര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ഡ്രോണുകള്‍ യുദ്ധമുഖത്ത് എത്രമാത്രം സഹായകമാണെന്നും യുദ്ധമുഖത്തെ തടസങ്ങള്‍ തരണം ചെയ്യാന്‍ ഇവ എത്രമാത്രം സഹായകമാണെന്നും വ്യക്തമാക്കുന്ന ഒരു ദൃശ്യം എക്‌സില്‍ പങ്കുവച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്‍പില്ലാത്ത വിധം ഡ്രോണുകള്‍ യുദ്ധമുഖത്തെ ആശയവിനിമയത്തിനും സഹായകമാകുന്നുവെന്ന് രാഹുല്‍ തന്‍റെ എക്‌സില്‍ കുറിച്ചു. ഇത് കേവലം ഒരു സാങ്കേതികത മാത്രമല്ല മറിച്ച് ശക്തമായ വ്യവസായ പരിസ്ഥിതിയുടെ നൂതന ഫലം കൂടിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Drones have revolutionised warfare, combining batteries, motors and optics to manoeuver and communicate on the battlefield in unprecedented ways. But drones are not just one technology - they are bottom-up innovations produced by a strong industrial system.
— Rahul Gandhi (@RahulGandhi) February 15, 2025
Unfortunately, PM… pic.twitter.com/giEFLSJxxv
മോദി തന്‍റെ പ്രസംഗങ്ങളിലെല്ലാം നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് വാചാലനാകുന്നുണ്ട്. ഇന്ത്യയോട് മത്സരിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നവരാണ്. പ്രചാരണങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്താതെ കരുത്തുള്ള ഉത്‌പാദന അടിത്തറയ്ക്ക് കൂടി നാം ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വമ്പിച്ച കഴിവും അളവും എല്ലാം ശരിയായ വ്യവസായ കരുത്തിനുള്ള ഒരു കൃത്യമായ കാഴ്‌ചപ്പാടിനാണ് ആഹ്വാനം നല്‍കുന്നത്. ഇതിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്‌ടിക്കാനും ഇന്ത്യയ്ക്ക് ഭാവിയില്‍ ഒരു ആഗോള നായകനാകാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ ഉത്പാദനം ദേശ സുരക്ഷയുടെ ആധാരമാണെന്നും ഇത് തൊഴില്‍ സൃഷ്‌ടിക്ക് സുപ്രധാനമാണെന്നും ലോക്‌സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചൈനയില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. ഊര്‍ജ്ജ, ഗതാഗത മേഖലകളിലുണ്ടായ വിപ്ലവം ഇന്ത്യയ്ക്ക് വലിയ അവസരങ്ങള്‍ തുറന്ന് നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന പത്ത് വര്‍ഷമായി ബാറ്ററിയിലും റോബോട്ടുകളിലും മോട്ടോറുകളിലും ഒപ്റ്റിക്‌സിലും വന്‍ മുന്നേറ്റമുണ്ടാക്കി. അവര്‍ ഈ രംഗത്ത് ഇന്ത്യയെക്കാള്‍ ഒരു ദശകം മുന്നിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്‍റെ മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതി ഉത്പാദനത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഈ മേഖലയുടെ പങ്ക് 2014ലെ 15.3ശതമാനത്തില്‍ നിന്ന് 12.6ശതമാനമായി ഇടിഞ്ഞെന്നും ഇത് അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന നമ്മെക്കാള്‍ ഒരു പതിറ്റാണ്ട് മുന്നിലാണ്. ശരിയായ കാഴ്‌ചപ്പാടുണ്ടെങ്കില്‍ ഇത് നമുക്ക് മറികടക്കാനാകും. ഇന്ത്യന്‍ സര്‍ക്കാരിന് വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിച്ചും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയും സാമ്പത്തികം വ്യാപിപ്പിച്ചും നമ്മുടെ വാണിജ്യ വിദേശ നയങ്ങള്‍ മാറ്റിയും ഇത് സാധ്യമാക്കാനാകും. ഉത്പാദനമാണ് ദേശസുരക്ഷയുടെ അടിസ്ഥാനം. ഇപ്പോള്‍ ഇവിടെ സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നത് മറിച്ച് വാണിജ്യ സംവിധാനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ചൈനയുടെ മോട്ടോറുകളെയും ബാറ്ററികളെയും വന്‍തോതില്‍ ആശ്രയിക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.