കേരളം

kerala

ETV Bharat / bharat

റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, പൊലീസിന്‍റെ ശ്രദ്ധ മാറിയപ്പോള്‍ ആക്രമണം; നാമക്കലില്‍ നടന്നത് ആക്ഷന്‍ സിനിമകളെ വെല്ലുന്ന രംഗങ്ങള്‍ - Namakkal police encounter

അതി സാഹസികമായാണ് നാമക്കല്‍ പൊലീസ് കേസിലെ പ്രതികളെ പിടികൂടിയത്.

THRISSUR ATM ROBBERY  NAMAKKAL POLICE ENCOUNTER ARREST  തൃശൂര്‍ എടിഎം കവര്‍ച്ച  നാമക്കല്‍ പൊലീസ് ഏറ്റുമുട്ടല്‍
Confiscated container, caught Accussed (Etv Bharat)

By ETV Bharat Kerala Team

Published : Sep 27, 2024, 7:56 PM IST

Updated : Sep 27, 2024, 8:03 PM IST

നാമക്കൽ: ഇന്ന് രാവിലെയാണ് തൃശൂരിൽ വന്‍ എടിഎം കവർച്ചയും തുടര്‍ന്ന് സാഹസിക രംഗങ്ങളും അരങ്ങേറിയത്. ഇന്ന് (27-09-2024) പുലർച്ചെ മൂന്ന് മണിക്കും നാലിനും ഇടയില്‍ എസ്‌ബിഐയുടെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു. 60 ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്.

കവർച്ചയ്‌ക്ക് ശേഷം കോയമ്പത്തൂർ വഴി രക്ഷപ്പെടാനായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. എന്നാല്‍ സാഹസിക ഏറ്റുമുട്ടലിലൂടെ നാമക്കലിൽ വച്ച് സംഘം പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. കേരളത്തില്‍ നിന്ന് ലഭിച്ച അറിയിപ്പിനെ തുടര്‍ന്ന് നാമക്കൽ ജില്ല അതിർത്തിയിൽ പൊലീസ് വാഹന പരിശോധന ആരംഭിച്ചിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ക്രെറ്റ കാറുകളും കണ്ടെയ്‌നർ ട്രക്കുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധന തുടരുന്നതിനിടെയാണ് പ്രതികള്‍ ഉപയോഗിച്ച കണ്ടെയ്‌നർ ലോറി ചെക്ക്‌പോസ്റ്റിൽ നിർത്താതെ കടന്നുപോയത്. പൊലീസ് ഈ വാഹനത്തെ പിന്തുടരുകയായിരുന്നു.

അമിത വേഗത്തില്‍ കുതിച്ച ട്രക്ക് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചാണ് മുന്നോട്ട് പോയതെന്ന് സംഭവത്തെക്കുറിച്ച് സംസാരിച്ച വെസ്റ്റ് സോൺ ഡിഐജി ഉമ പറഞ്ഞു. ടോൾ ഗേറ്റ് എത്തിയപ്പോള്‍ ട്രക്ക് യു-ടേൺ എടുത്ത് സംഗകിരി റോഡിലേക്ക് കടന്നു. സന്ന്യാസിപട്ടി ഭാഗത്ത് വച്ചാണ് റോഡിന് കുറുകെ വാഹനങ്ങൾ നിർത്തി പൊലീസ് കണ്ടെയ്‌നർ വളയുന്നത്.

പൊലീസ് പിടികൂടിയ പ്രതി (ETV Bharat)

ഇതിനുശേഷം കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ട്രക്കിന്‍റെ തന്നെ ഡ്രൈവറെ ഉപയോഗിച്ച് ലോറി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പൂട്ടിക്കിടന്ന കണ്ടെയ്‌നറിൽ നിന്ന് എന്തോ ഇടിക്കുന്ന ശബ്‌ദം കേട്ടത്. തുടര്‍ന്നാണ് ലോറി നിർത്തി പരിശോധിച്ചത്. ഡ്രൈവർ ജമാലുദ്ദീൻ (40) കണ്ടെയ്‌നർ തുറന്നപ്പോൾ അസർ അലി (28) എന്നയാൾ കണ്ടെയ്‌നറിൽ നിന്ന് ഇറങ്ങി ഓടിയതായി ഡിഐജി ഉമ പറഞ്ഞു. ഇയാളുടെ കയ്യിൽ പണവുമുണ്ടായിരുന്നു.

Also Read:തൃശൂരിൽ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാൾ മരിച്ചു; രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

അസ്ഹർ അലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അസിസ്റ്റന്‍റ് ഇൻസ്‌പെക്‌ടർ രഞ്ജിത്ത് കുമാറിനെയും ഇൻസ്‌പെക്‌ടർ തവമണിയെയും ജമാലുദ്ദീൻ കയ്യിൽ കരുതിയ മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് കുത്തി. തുടര്‍ന്നാണ് ഇൻസ്പെക്‌ടർ തവമണി ജമാലുദ്ദീനെ വെടിവെച്ചിടുന്നത്. നെഞ്ചിൽ വെടി കൊണ്ട ജമാലുദ്ദീൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അസ്ഹർ അലിയുടെ കാലിലും വെടികൊണ്ടു.

ശേഷം കണ്ടെയ്‌നറിന് പിന്നിൽ ഒളിച്ചിരുന്ന 3 പേരെ കൂടി പിടികൂടിയതായി ഡിഐജി ഉമ പറഞ്ഞു. പ്രതികളെ പിടികൂടിയ വിവരം ലഭിച്ചതിന് പിന്നാലെ കേരള പൊലീസും സ്ഥലത്തെത്തി. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി പ്രഖ്യാപിക്കുമെന്നാണ് ഡിഐജി ഉമ പറഞ്ഞത്. അറസ്റ്റിലായവരെല്ലാം ഹരിയാന സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Last Updated : Sep 27, 2024, 8:03 PM IST

ABOUT THE AUTHOR

...view details