ചെന്നൈ : തമിഴ്‌നാട് ട്രെയിന്‍ അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരുവള്ളൂര്‍ ജില്ലയില്‍ ഇന്നലെ മൈസൂര്‍-ദര്‍ഭംഗ എക്‌സ്പ്രസിന്‍റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. പത്തൊന്‍പത് പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ മറ്റൊരു ട്രെയിന്‍ ഏര്‍പ്പാടാക്കി. ട്രെയിന്‍ പുലര്‍ച്ചെ നാലേമമുക്കാലോടെ പുറപ്പെട്ടു. മുഴുവന്‍ യാത്രക്കാരെയും ഇതിലുള്‍ക്കൊള്ളിക്കാനായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ മന്ത്രി എസ് എം നാസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ -രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ അടിയന്തരമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണവും തുടര്‍യാത്രകളും ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
പാളം തെറ്റിയ കോച്ചുകള്‍ നീക്കം ചെയ്യാന്‍ അഗ്നിശമന സേനാംഗങ്ങള്‍ രംഗത്തുണ്ട്. പ്രവര്‍ത്തനങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.