ന്യൂഡല്‍ഹി :മമത ബാനര്‍ജിയുടെ ഭരണം അവസാനിപ്പിച്ച് പശ്ചിമ ബംഗാളില്‍ ബിജെപിയുടെ 'ഡബിള്‍ എഞ്ചിൻ' സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാനാണ് തന്‍റെ ശ്രമമെന്ന് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ എന്ന വിഷയത്തില്‍ ജെഎൻയുവില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുവേന്ദു അധികാരി ആരോപിച്ചു.
'തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ അപകടത്തിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംസ്ഥാനത്ത് നുഴഞ്ഞുകയറാനും സ്ഥിരതാമസമാക്കാനും സഹായിച്ച് അവര്‍ ബംഗാളിലെ ജനസംഖ്യാ ശാസ്‌ത്രം മാറ്റുകയാണ്. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള കാര്യങ്ങളുമാണ് അവിടെ നടക്കുന്നത്. എന്നാല്‍ ദേശീയ തലത്തിലുള്ള ഡബിള്‍ എഞ്ചിൻ സര്‍ക്കാരിനെ ഭരണം ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ബിജെപി ബംഗാളില്‍ ചെയ്യുന്നത്'- സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ക്കെതിരെ ജെഎൻയുവിലെ വിദ്യാര്‍ഥികള്‍ ശബ്‌ദമുയര്‍ത്തണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.