ന്യൂഡൽഹി: എക്‌സൈസ് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട 20 വർഷം പഴക്കമുള്ള പ്രശ്‌നം പരിഹരിച്ച് സുപ്രീം കോടതി. ശുദ്ധമായ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണ ആയാണോ സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ കീഴിൽ വരുന്ന ഹെയർ ഓയില്‍ ആയാണോ തരംതിരിക്കേണ്ടത് എന്ന സങ്കീര്‍ണമായ ചോദ്യമാണ് കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഹരിച്ചത്.
2019 നവംബറില്‍ ഇതേ ചോദ്യത്തിന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലും ജസ്റ്റിസ് ആർ ഭാനുമതിയും അടങ്ങിയ ബെഞ്ച് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. ചെറിയ പാക്കറ്റുകളിലെ വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി തരംതിരിക്കാമെന്ന് ഗൊഗോയ് അഭിപ്രായപ്പെട്ടപ്പോൾ, ചെറിയ കുപ്പികളില്‍ പായ്ക്ക് ചെയ്യുന്ന വെളിച്ചെണ്ണയെ ഹെയർ ഓയിൽ ആയി തരംതിരിക്കണമെന്നാണ് ജസ്റ്റിസ് ഭാനുമതി അഭിപ്രായപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സുപ്രീം കോടതി. എണ്ണയെ ബ്രാൻഡ് ചെയ്യുന്നത് ആശ്രയിച്ചായിരിക്കും തരംതിരിക്കാൻ സാധിക്കുകയെന്ന് സിജെഐ സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾക്ക് കീഴിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് ബ്രാന്‍ഡ് ചെയ്യുന്ന എണ്ണയെ ഭക്ഷ്യയോഗ്യമായ എണ്ണയായി തരംതിരിക്കാം, ഹെയർ ഓയിൽ എന്ന് തരംതിരിക്കുന്ന എണ്ണ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന് കീഴിലുള്ള മാനദണ്ഡം പാലിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.