ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 'ബുള്‍ഡോസര്‍ നടപടി'യെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. ഒരു ക്രിമിനൽ കേസിലെ പ്രതിയുടേതായത് കൊണ്ട് മാത്രം എങ്ങനെ ഒരു വീട് പൊളിച്ചുമാറ്റുമെന്ന് സുപ്രീംകോടതി ചോദിച്ചു. സ്വത്തുക്കൾ പൊളിച്ചുനീക്കുന്നതിന് ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ സ്വത്തുക്കൾ തകർത്തുവെന്ന പരാതിയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബഞ്ച് വാദം കേൾക്കുകയായിരുന്നു. സന്മാര്‍ഗിയായ ഒരു പിതാവിന് ദുര്‍മാര്‍ഗിയായ ഒരു മകനുണ്ടാകാം, തിരിച്ചും സംഭവിക്കാം. എന്നാല്‍ ഇരുവരുടെയും കര്‍മഫലങ്ങൾ പരസ്‌പരം അനുഭവിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു.
കുറ്റവാളിയാണെങ്കില്‍ കൂടിയും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ സ്ഥാവര സ്വത്തുക്കള്‍ പൊളിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. കോടതിയില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ അടിസ്ഥാനത്തിൽ ചില മാർഗ നിർദേശങ്ങൾ സ്ഥാപിക്കാൻ നിർദേശിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയത്തിൽ ഉൾപ്പെട്ട കക്ഷികളോട് അവരുടെ നിർദേശങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.