ന്യൂഡല്‍ഹി:പള്ളിയുടെ പ്രവേശനകവാടത്തില്‍ സ്ഥിതി ചെയ്യുന്ന കിണര്‍ സംബന്ധിച്ച തര്‍ക്കത്തില്‍ സംഭലിലെ ജമ മസ്‌ജിദ് മാനേജ്മെന്‍റ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കി സുപ്രീം കോടതി. വിഷയത്തില്‍ തത്‌സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീഹരി ക്ഷേത്രത്തിലെ കിണറാണെന്നാണ് ഹിന്ദുക്കള്‍ ഇതിനെ പറയുന്നതെന്നും അവരുടെ പൂജകള്‍ക്കും സ്‌നാനത്തിനുമായി അവര്‍ ഇത് ഉപയോഗിക്കുന്നുവെന്നും പള്ളിക്കമ്മിറ്റി പറയുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹിന്ദുക്കളുടെ ആവശ്യത്തിനായി കിണര്‍ തുറന്ന് കൊടുക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ തകിടം മറിക്കുമെന്നാണ് പള്ളി അധികാരികളുടെ വാദം. കഴിഞ്ഞ കൊല്ലം നവംബറില്‍ കനത്ത സംഘര്‍ഷത്തിന് പ്രദേശം സാക്ഷ്യം വഹിച്ചിരുന്നു.
സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ ഇവിടെ ആളുകള്‍ സംഘടിക്കുകയും കനത്ത പ്രതിഷേധം ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ഭരണകാലത്ത് ഇവിടെ പള്ളി പണിഞ്ഞത് എന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭലിലെ ജില്ലാഭരണകൂടം നഗരത്തിലെ കിണറുകളെയും 32 ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളെയും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. പൊതുപ്രാര്‍ഥനകള്‍ക്കും ഉപയോഗങ്ങള്‍ക്കുമായി തുറന്ന് കൊടുക്കാനായി 19 കിണറുകള്‍ ഇവര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്നും ഹര്‍ജിയില്‍ പറയുന്നു.
പള്ളിയുടെ പരിധിയിലുള്ള ഒരു കിണറും ഇത്തരത്തില്‍ ജില്ലാ ഭരണകൂടം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ കിണറിന്‍റെ പകുതി ഭാഗം പള്ളിക്കുള്ളിലാണ്. മറ്റേ പകുതി പുറത്തുള്ള ഒരു കമാനത്തിനുള്ളിലുമാണ്. ഒരു മുക്കവലയിലാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ മൂന്ന് പാതകള്‍ കൂടിച്ചേരുന്ന ഇടമാണിത്. ഇത് പള്ളിയുടെ പ്രധാന കവാടം കൂടിയാണ്. ഇവിടെ നിന്നാണ് പള്ളിയുടെ ആവശ്യങ്ങള്‍ക്കുള്ള വെള്ളവും എടുക്കുന്നത്.
പ്രദേശത്തെ മുഴുവന്‍ കിണറുകള്‍ക്കും മതപരമായ പ്രാധാന്യമുള്ളതാണെന്നാണ് സംഭല്‍ അധികൃതരുടെ വാദം. ചരിത്രപരമായ കിണറുകളുടെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ സംഭലിലും പള്ളിയുടെ പരിസരപ്രദേശങ്ങളിലും പതിച്ചിട്ടുമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പള്ളി ക്ഷേത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.