ചെന്നൈ: നടനും തമിഴഗ വെട്രി കഴകം (ടിവികെ) പാർട്ടി നേതാവ് വിജയുമായി കൂടിക്കാഴ്‌ച നടത്തി തെരഞ്ഞെടുപ്പ് വിദഗ്‌ധൻ പ്രശാന്ത് കിഷോർ. ചെന്നൈയിലെ നീലങ്കരൈയിലുള്ള വസതിയിൽ നേരിട്ടെത്തിയാണ് കൂടിക്കാഴ്‌ച. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പേരിൽ വിജയ് പാർട്ടി രൂപീകരിച്ചത്.
നിലവിൽ സംസ്ഥാന നേതാക്കളെയും ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടെ വിവിധ ഭരണാധികാരികളെ ചുമതലപ്പെടുത്തി വരികയാണ്. ഇതിനിടയിലാണ് നിർണായക കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം അനുസരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്നതടക്കം ചർച്ച ചെയ്‌തിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ടിവികെയുടെ നിലവിലെ നിലപാടും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്തും എന്നതുമാണ് പ്രധാനമായും ചർച്ച ചെയ്‌തതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെൻ്റ് ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് വിജയും പ്രശാന്ത് കിഷോറും തമ്മിലുള്ള കൂടിക്കാഴ്‌ച സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോർ ടിവികെക്ക് നിർദേശങ്ങള്‍ മാത്രമാണോ നൽകിയത്. അതോ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിക്കുമോ എന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടര മണിക്കൂറിലധികമാണ് ചർച്ച നീണ്ടുനിന്നത്.
അടുത്തിടെ വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) വിട്ട ആധവ് അർജുന, പിന്നീട് ടിവികെയിൽ ചേർന്നിരുന്നു. പാർട്ടിയിൽ ചേർന്ന ഉടൻ തന്നെ ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെൻ്റിൻ്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്‌തിരുന്നു. ജോൺ ആരോഗ്യസ്വാമി പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായും പ്രവർത്തിക്കുന്നുണ്ട്. ജോൺ ആരോഗ്യസ്വാമിയാകും തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക.