കേരളം

kerala

ETV Bharat / bharat

ഓരോ 'പേരി'നും പല കഥകൾ, മഹാരാഷ്‌ട്രയിലെ വിചിത്രമായ പേരുകള്‍ക്ക് പിന്നിലെ ചരിത്രവും രാഷ്‌ട്രീയവും - strange names of Maharashtra people

പേരുകള്‍ അത്ര നിസാരമല്ല. ചില പേരിന് പിന്നില്‍ അവരുടെ കുടുംബ, സാമൂഹ്യ ചുറ്റുപാടുകള്‍ വരെ തെളിഞ്ഞ് കാണാം. വിചിത്രമായ പേരുകൊണ്ട് സമ്പന്നമായ മഹാരാഷ്‌ട്രയില്‍ ഇടിവി ഭാരത് നടത്തിയ അന്വേഷണം...

Why strange names were given  strange names of Maharashtra people  rare names of baby boys  rare names of baby girls
strange-names-of-maharashtra-people-and-interesting-reasons

By ETV Bharat Kerala Team

Published : Mar 19, 2024, 3:05 PM IST

മുംബൈ :വിഖ്യാത കവിയും നാടകകൃത്തുമായ വില്യം ഷേക്‌സ്‌പിയര്‍ ഇങ്ങനെ എഴുതി 'What is in a Name', ഒരു പേരില്‍ എന്തിരിക്കുന്നു... എന്നാല്‍ പേരില്‍ പലതും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് നാമോരുത്തരുടേയും പേരുകളും അത് വന്ന വഴിയും പിന്നിലെ കഥകളും അര്‍ഥവും എല്ലാം. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ രാജാക്കന്മാരുടെയോ, സന്യാസികളുടെയോ, യുഗപുരുഷന്മാരുടെയോ ഒക്കെ പേരുകളിലാണ് ചെന്നെത്തി നില്‍ക്കാറുള്ളത്. കുടുംബപശ്‌ചാത്തലവും ആഗ്രഹങ്ങളും അഭിലാഷങ്ങളുമൊക്കെ പേരുകളില്‍ കടന്നുവരാറുണ്ട്. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ വളരെ വൈവിധ്യമായി തോന്നിയേക്കാവുന്ന പേരുകളാണ് ഇനി പറയുന്നത്... നകുഷി, ദഗ്‌ദു, ധോണ്ഡ്യ, ഭിക്കാജി, ബന്ദുക്യ, പിസ്‌തോല്യ എന്നിവ പോലെ, എന്തെല്ലാം പേരുകളാണ്.

പേരിലെ 'അവഗണന' :പേരിടുന്നതില്‍ വൈവിധ്യം തെളിയിച്ചിട്ടുള്ളത് മഹാരാഷ്‌ട്രയിലെ ആളുകളാണ് എന്നുവേണം കരുതാന്‍. പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലേക്ക് വന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നകുഷി എന്ന പേര് നല്‍കിയിരിക്കുന്നതായി കാണാം. ഈ പേരിന് പിന്നില്‍ പെണ്‍കുട്ടികളോടുള്ള അവഗണന തെളിഞ്ഞു കിടക്കുന്നു. ഒരു കുടുംബത്തില്‍ ഒന്നിലധികം പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് അത്ര താത്‌പര്യമില്ലാത്തവര്‍ മക്കള്‍ക്ക് നല്‍കി പോരുന്ന പേരാണ് നകുഷി. ഈ പേരില്‍ നിന്ന് ആ കുട്ടിയുടെ വീട്ടില്‍ രണ്ടോ അതിലധികമോ പെണ്‍കുട്ടികള്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും.

കുടുംബത്തില്‍ ഒരാണ്‍തരി വേണമെന്ന ആഗ്രഹത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും എന്നാല്‍ ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങളാകുകയും ചെയ്യുക. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളോടുള്ള താത്‌പര്യക്കുറവ് അവരുടെ പേരിനൊപ്പം ചേര്‍ക്കും. വേണ്ട എന്നര്‍ഥം വരുന്ന 'നാ' എന്ന വാക്കില്‍ നിന്നാണ് നകുഷി എന്ന പേരുണ്ടാകുന്നത്.

അവഗണന പേരിനൊപ്പം ചേര്‍ന്ന പല പെണ്‍കുട്ടികള്‍ക്കും ചില സംഘടനകള്‍ സഹായമായെത്തി. അവര്‍ ഇടപെട്ട് രേഖകളില്‍ നിന്നടക്കം കുട്ടികളുടെ പേരുകള്‍ മാറ്റി. നകുഷി എന്ന പേരില്‍ ഒരു ടെലിവഷന്‍ സീരിയല്‍ തന്നെ സംപ്രേഷണം ചെയ്‌തിരുന്നു. നകുഷി എന്ന പേരിലുള്ള പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു സീരിയലും പങ്കുവച്ചത്.

മരണത്തെ തോല്‍പ്പിച്ചവന്‍ 'ധോണ്ടിബ' :ധോണ്ഡ്യ, ദഗ്‌ദ്യ, ദഗ്‌ദോബ, ധോണ്ടിബ, ഭികാജി... ഈ പേരുകളൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിഞ്ഞേക്കാം. മഹാരാഷ്‌ട്രയിലെ പല മേഖലകളിലും ഇത്തരം പേരുകളില്‍ നിരവധി ആളുകളുണ്ട്. ഈ പേരു വന്ന വഴി തെരഞ്ഞ് ഇടിവി ഭാരത് ഒരന്വേഷണം നടത്തി. വിചിത്രമായിരുന്നു പേരുകള്‍ക്ക് പിന്നിലെ കഥകള്‍.

കുടുംബത്തിലെ കുട്ടികള്‍ മരിക്കുകയാണെങ്കില്‍, ബാക്കിയാകുന്ന കുട്ടികള്‍ക്ക് നല്‍കിയിരുന്ന പേരുകളാണ് ധോണ്ടിബ, ദഗ്‌ദോബ എന്നിവയൊക്കെ. അന്വേഷണത്തിനിടെ ധോണ്ടിബ എന്ന് പേരുള്ള ഒരു വയോധികനെ ഇടിവി ഭാരത് സംഘം പരിചയപ്പെടാന്‍ ഇടയായി. പേരിനെ കുറിച്ച് ചോദിച്ച ഞങ്ങളോട് അദ്ദേഹം ഒരു കഥ തന്നെ പറഞ്ഞു.

'എന്‍റെ അമ്മയ്‌ക്ക് ആകെ 13 മക്കളാണ് ഉണ്ടായിരുന്നത്. 11 ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. 10 പേര്‍ മരിച്ചു പോയി. ഞാനും സഹോദരിമാരുമാണ് ബാക്കിയായത്. അതുകൊണ്ട് എന്‍റെ അച്ഛനും അമ്മയും എനിക്ക് ധോണ്ടിബ എന്ന് പേരിട്ടു. ഞാന്‍ 'കല്ലുപോലെ ജീവിക്കട്ടെ' എന്നതായിരുന്നു അവരുടെ പ്രാര്‍ഥന, അതിനാലാണ് എനിക്ക് ഈ പേരുവന്നത്.'

ഇന്ന് 70 വയസുണ്ട് ധോണ്ടിബക്ക്. അന്നത്തെ ശിശുമരണങ്ങളുടെ കയ്‌പേറിയ അനുഭവം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് മനസിലാക്കാം.

ദൈവത്തിന്‍റെ 'വരദാനം' : ഭിക്കാജിയും അത്തരത്തിലുള്ള ഒരു പേരുതന്നെയാണ്. കുട്ടികള്‍ ഉള്ളവര്‍ അവര്‍ ജീവിച്ചിരിക്കാനായും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുട്ടികള്‍ ഉണ്ടായവരും മക്കള്‍ക്ക് ഭിക്കാജി എന്ന പേര് നല്‍കുന്നു. ദൈവം നല്‍കിയ സമ്മാനം എന്നൊക്കെ അര്‍ഥം വരുന്ന തരത്തിലാണ് ഇത്തരമൊരു പേര്. പ്രസാദ് ചേര്‍ത്തുള്ള പേരുകളും (ദേവിപ്രസാദ്, ദ്വാരകാപ്രസാദ്, അംബാപ്രസാദ്) ഇത്തരമൊരു വിശ്വാസത്തിലാണ് തെരഞ്ഞെടുക്കുന്നത്.

ബിന്ദുക്യ, പിസ്‌തോല്യ, കടുസ്യ തുടങ്ങിയ വിചിത്രമായ പേരുകളും മഹാരാഷ്‌ട്രയില്‍ സുലഭമാണ്. ചില പ്രത്യേക സമുദായങ്ങള്‍ നല്‍കിവന്ന പേരാണ് ഇവയൊക്കെ. പര്‍ധി സമുദായത്തിലെ കുട്ടികള്‍ക്ക് പൊതുവേ ഇത്തരം പേരുകള്‍ നല്‍കുന്നുണ്ട്. പാരമ്പര്യവും ജീവിതത്തിലെ ചില കയ്‌പേറിയ അനുഭവങ്ങളും ആണ് ഇത്തരം പേരുകള്‍ക്ക് പിന്നില്‍.

മഹാനായ ഷേക്‌സ്‌പിയര്‍ ഇന്ന് ഇവിടങ്ങളിലെങ്ങാന്‍ ജീവിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ പേരില്‍ എന്തിരിക്കുന്നു എന്ന് ഒരിക്കലും ചോദിക്കാനിടയില്ല. പേരിന് പിന്നില്‍ കുടുംബ, സാമൂഹിക ചുറ്റുപാട് വ്യക്തമായി പതിഞ്ഞു കിടപ്പുണ്ടെന്ന് അദ്ദേഹം തീര്‍ച്ചയായും മനസിലാക്കിയിട്ടുണ്ടാകും. പേരിന് പിന്നിലെ രാഷ്‌ട്രീയം ഒരുപക്ഷേ അദ്ദേഹം തന്‍റെ സൃഷ്‌ടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ടാകും.

ABOUT THE AUTHOR

...view details