ന്യൂഡൽഹി : മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുമായി (എംവിഎ) സഖ്യമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എന്നാൽ സഖ്യ ചർച്ചകൾ ഫലം കണ്ടില്ലെങ്കില്‍ എംവിഎയെ ദോഷകരമായി ബാധിക്കാത്ത ഏതാനും സീറ്റുകളിൽ മത്സരിക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
എന്തുകൊണ്ടാണ് എസ്‌പി അവഗണിക്കപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ 'ഞങ്ങൾ അവഗണിക്കപ്പെടുന്ന വിഭാഗത്തിലായിരിക്കാം. പക്ഷേ ഞങ്ങളെ അവഗണിക്കുന്ന ആളുകളോടാണ് ചോദ്യം ചോദിക്കേണ്ടത്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം രാഷ്‌ട്രീയത്തിൽ ത്യാഗത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് പ്രവർത്തകരിലൂടെയല്ല, മറിച്ച് ഉദ്യോഗസ്ഥരിലൂടെയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഏതെങ്കിലും പാർട്ടി ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ തുടങ്ങിയാൽ പരാജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് ടേമിലേയും പോലെ പാർട്ടി വീണ്ടും വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്‌ട്ര ചീഫ് അബു ആസ്‌മി നേരത്തെ പറഞ്ഞിരുന്നു. മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രണ്ട് ദിവസത്തിനകം താൻ തീരുമാനം എടുക്കുമെന്നും ആസ്‌മി വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുകയല്ലാതെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർഥികളുടെ മൂന്നാമത്തെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. മൊത്തം 87 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇതുവരെ കോണ്‍ഗ്രസ് പുറത്തുവിട്ടത്. കോൺഗ്രസ്, ശിവസേന (യുബിടി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ) എന്നിങ്ങനെ ഓരോ സഖ്യകക്ഷികളും 85 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ നേരത്തെ പറഞ്ഞിരുന്നു. 288 സീറ്റുകളുള്ള മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് ആണ്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും.
Also Read:'കേന്ദ്രത്തിന് നേരെ വിരല്‍ ചൂണ്ടാനാകണം, മഹാരാഷ്‌ട്രയില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും': പ്രിയങ്ക ചതുർവേദി