തൃശൂർ: ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ മോഷ്‌ടാവിനെ കണ്ടെത്താന്‍ പൊലീസ് ബുദ്ധിമുട്ടുന്നു. ഇന്നലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചെന്നായിരുന്നു തൃശ്ശൂര്‍ റൂറല്‍ എസ് പി ബി കൃഷ്‌ണകുമാറും മധ്യ മേഖലാ ഡിഐജി ഹരിശങ്കറും പറഞ്ഞത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 20 പേരടങ്ങുന്ന പൊലീസ് സംഘം, മോഷ്‌ടാവ് സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ആദ്യം മോഷ്‌ടാവ് അങ്കമാലി ഭാഗത്തേക്ക് പോയതായി കണ്ടെത്തിയത്.
പിന്നീട് തിരിച്ച് തൃശ്ശൂര്‍ പാലക്കാട് ഭാഗത്തേക്ക് പോയതായും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനം വിട്ടോ എന്നും സംശയിക്കുന്നുണ്ട്. ഹൈവേ വഴി തൃശൂര്‍ പാലക്കാട് ഭാഗത്തേക്ക് പോയെന്ന വിവരമാണുള്ളത്. ഇയാള്‍ പോയ സ്‌കൂട്ടറിന്‍റെ നമ്പര്‍ ഇതേവരെ കണ്ടെത്താനായിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം അങ്കമാലി ഭാഗത്തേക്ക് പോയത് പൊലീസിനെ കബളിപ്പിക്കാനാണെന്നാണ് സംശയിക്കുന്നത്. കൊള്ള നടത്തിയത് പ്രൊഫഷണല്‍ മോഷ്‌ടാവല്ല എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ക്യാഷ് കൗണ്ടറില്‍ ഒമ്പത് ബണ്ടില്‍ നോട്ട് കെട്ടുകള്‍ ഉണ്ടായിട്ടും മൂന്ന് ബണ്ടില്‍ മാത്രം കൈയിലെടുത്തത് പ്രൊഫഷണല്‍ കൊള്ളക്കാരുടെ രീതിയല്ലെന്ന് പൊലീസ് സംശയിക്കുന്നു.
മോഷ്‌ടാവ് മലയാളി തന്നെയാകാന്‍ സാധ്യത കൂടുതലാണ്. വളരെക്കുറച്ച് മാത്രമാണ് സംസാരിച്ചത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പലശ്രമം നടന്ന സാഹചര്യത്തിലാണ് മോഷ്‌ടാവ് ഹിന്ദിയില്‍ സംസാരിച്ചതും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് പൊലീസ് സംശയിക്കുന്നത്. ബാങ്കിനെക്കുറിച്ചും നാടിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ള മോഷ്‌ടാവ് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ മോഷണം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
അതേസമയം മോഷണ സമയത്തോടനുബന്ധിച്ച് വൈദ്യുതി നിലച്ചത് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.25 മുതൽ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്. അതുകൊണ്ടു തന്നെ പല സിസിടിവികളിലും മോഷ്‌ടാവിന്‍റെ ചിത്രം പതിയാത്തതും അന്വേഷണത്തിന് വെല്ലുവിളിയാവുന്നുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് പൊലീസ്.