ഏറെ പോഷകഗുണങ്ങളുള്ള പഴങ്ങളുടെ ഇനത്തിൽപ്പെട്ടതാണ് കുഞ്ഞൻ തണ്ണിമത്തൻ. പലപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമൊക്കെയാണ് ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാലിത് നമുക്ക് വീട്ടിൽ കൃഷി ചെയ്യാൻ പറ്റുമോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. വെള്ളരി വർഗ വിളകളിൽ നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായി കൃഷിചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഷുഗർ ബേബി തണ്ണിമത്തൻ.
നിലവിൽ കേരളത്തിൽ കൂടുതൽ പേരും കൃഷിചെയ്‌ത് വരുന്നത് ഈ ഇനമാണ്. കൃഷി ചെയ്യാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല നല്ല വിളവ് തരുന്ന ഇനം കൂടിയാണിത്. ഷുഗർ ബേബി വീട്ടിൽ എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കിയാലോ...

കൃഷി രീതി
- സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന സ്ഥലമേതാണെന്ന് കണ്ടെത്തുന്നതാണ് ആദ്യപടി. അവിടെ മാത്രമേ ഷുഗർ ബേബിക്ക് വളരാൻ സാധിക്കുകയുള്ളൂ. ഏകദേശം 8 മണിക്കൂർ കൃത്യമായി വെയിൽ ലഭിക്കുന്ന സ്ഥലമായിരിക്കണം. എന്നാൽ വിളവിന് അത് ഏറെ ഗുണം ചെയ്യുന്നതായിരിക്കും.
- ജൈവാംശം നിറഞ്ഞ പശിമരാശി മണ്ണാണ് ഷുഗർ ബേബിയുടെ കൃഷിക്ക് ഏറ്റവും ഉത്തമം. വരികൾ തമ്മിൽ മൂന്ന് മീറ്ററും തടങ്ങൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിച്ചുമാണ് കൃഷി ചെയ്യേണ്ടത്. കൃഷിക്ക് വേണ്ടി കുഴി ഒരുക്കുമ്പോൾ ഒന്നര അടി ആഴമാണ് വേണ്ടതെന്ന് കർഷകർ പറയുന്നു.

- കുമ്മായവും അടി വളവും ചേർത്ത് നല്ല രീതിയിൽ ഇളക്കി 14 ദിവസം സൂര്യതാപീകരണത്തിന് വിധേയമാക്കി കൃഷി ചെയ്യാം. സൂര്യതാപീകരണത്തിന് വിധേയമാക്കി തയ്യാറാക്കിയ തടത്തിൽ ഏകദേശം നാല് വിത്തുകൾ വരെ പാകാവുന്നതാണ്. 10 ദിവസം കഴിഞ്ഞാൽ ഉടൻ തന്നെ മുള വരുന്നതായിരിക്കും.
- ആരോഗ്യമുള്ള രണ്ട് തൈകൾ മാത്രം നിലനിർത്തിയാൽ മതിയാകും. അടിവളമിടുമ്പോൾ യൂറിയ, ഫോസ്‌ഫറസ്, പൊട്ടാസ്യം നൽകുവാൻ മറക്കരുത്. തൈകൾ പടർന്ന് വളരാൻ തുടങ്ങുമ്പോൾ നിലത്ത് ഓല വിരിച്ച് അതിന്മേൽ പടർത്താൻ ശ്രമിക്കുക. ഈർപ്പം നിലനിർത്താനും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനും തടങ്ങളിൽ കരിയിലകൾ ഇടുന്നത് നല്ലതാണ്.

- കരിയിലകൾ ഇട്ടതിന് ശേഷം തടങ്ങളിൽ നനച്ചു കൊടുക്കുക. വള്ളി പടരുന്ന സമയത്ത് യൂറിയ 25ഗ്രാം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പൂക്കൾ ഉണ്ടാകുവാനും മികച്ച വിളവ് ലഭ്യമാക്കാനും സഹായിക്കുന്നു. കായ്‌കൾ മൂത്ത് വരുന്ന സമയത്ത് അധികം നനയ്‌ക്കാൻ പാടില്ല.
- നന അധികമായാൽ നിരവധി രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കായീച്ച പോലുള്ള നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കാം. വള്ളികൾക്ക് ഒരു മീറ്റർ നീളം വരുമ്പോൾ തലപ്പ് നുള്ളിക്കളയണം എന്നാൽ മാത്രമേ ശിഖരങ്ങൾ മികച്ച രീതിയിൽ വളരുകയുള്ളൂ.
- ഒരു വള്ളിയിൽ പരമാവധി രണ്ട് കായ്‌കൾ മാത്രമേ നിലനിർത്താൻ പാടുള്ളൂ. ഒരു ചെടി നട്ട് ഏകദേശം 100 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ഷുഗർ ബേബിയുടെ ഇനമാണ് കൃഷി ചെയ്യുന്നതെങ്കിൽ പരമാവധി 80 ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കും. തണ്ണിമത്തൻ കൃഷിയിൽ വള്ളി ഉണങ്ങുന്ന സമയത്താണ് വിളവെടുക്കേണ്ടത്. ഓലകൾക്ക് മുകളിൽ കാണപ്പെടുന്ന കായ്‌കൾക്ക് ഇളം മഞ്ഞനിറമോ അല്ലെങ്കിൽ ഈ സമയത്ത് കായയിൽ തട്ടി നോക്കുമ്പോൾ അടഞ്ഞ ശബ്‌ദം കേട്ടാലോ വിളവെടുപ്പ് നടത്താവുന്നതാണ്.
തണ്ണിമത്തൻ കൃഷി ചെയ്യാൻ സഹായിക്കാൻ ഇനി കുടുംബശ്രീയും
ഓരോ ജില്ലയിയലും തനി നാടൻ തണ്ണിമത്തൻ വിളവെടുത്ത് നൽകാൻ ഇനി കുടുംബശ്രീയുമുണ്ട്. ജില്ലാ കുടുംബശ്രീ മിഷൻ്റെ ‘വേനൽ മധുരം തണ്ണിമത്തൻ കൃഷി’ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കാനും വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തൻ്റെ ലഭ്യത ഉറപ്പുവരുത്തുകയുമാണ് കുടുംബശ്രീ ചെയ്യുന്നത്. അയൽക്കൂട്ടം അംഗങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും.
Also Read: കുംഭം പിറന്നു, ചേന കൃഷിയിറക്കാന്‍ സമയമായി; മണ്ണറിഞ്ഞ് നട്ടാല്‍ മനം നിറയെ വിളവെടുക്കാം