കണ്ണൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്‌ത സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കണ്ണൂരിലെ സര്‍ക്കാര്‍ എയ്‌ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളെയാണ് അറസ്റ്റ് ചെയ്‌തത്. സ്‌കൂളിലെ അഞ്ച് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കാണ് സീനിയേഴ്‌സിന്‍റെ ആക്രമണം ഉണ്ടായത്.
ഫെബ്രുവരി 12നാണ് കേസിനാസ്‌പദമായ സംഭവം. സീനിയേഴ്‌സിനെ ബഹുമാനിച്ചില്ലെന്നും അവര്‍ പറയുന്നത് അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണമെന്ന് കൊളവല്ലൂർ പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്‌ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും നിലവില്‍ കുട്ടി ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
റാഗിങ്ങിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കേരള റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. റാഗിങ് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെയും സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കോട്ടയം ഗവ.കോളജ് ഓഫ് നഴ്‌സിങ്ങില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിന് ഇരയായ വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടടുത്ത ദിവസമാണ് കണ്ണൂരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Also Read: കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്‌തു