ഭോപ്പാൽ/ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മത്സരരംഗത്തുനിന്നു വിട്ടുനിൽക്കുന്ന സോണിയയെ രാജസ്ഥാനിൽ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം (Sonia Gandhi Likely To Enter Rajya Sabha)
പകരം സോണിയ ഗാന്ധി ഇതുവരെ പ്രതിനിധീകരിച്ച റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മകൾ പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിച്ചേക്കുമെന്ന നിഗമനത്തിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ (Priyanka To Contest From Rae Bareli LS Seat)
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സോണിയ റായ്ബറേലിയിൽ നിന്നും ജയിച്ചത്. അതേസമയം കോൺഗ്രസ് യുപിയിൽ ജയിച്ച ഏക മണ്ഡലവും റായ്ബറേലിയാണ്. 2006 മുതലാണ് സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ കമൽനാഥ് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് തങ്ങളുടെ സംസ്ഥാനത്ത് നിന്നും മത്സരിക്കണമെന്ന് സോണിയ ഗാന്ധിയോട് ഔപചാരികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.