ശ്രീനഗർ : ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാര്‍ വിമുഖതയിൽ പ്രതിഷേധിച്ച് പ്രശസ്‌ത ശാസ്‌ത്രജ്ഞര്‍ സോനം വാങ്ചുക്കിന്‍റെ നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. മാര്‍ച്ച് 5 ന് ആണ് വാങ്ചുക് നിരാഹാരം ആരംഭിച്ചത്. തന്‍റെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ലേയിലെ എൻഡിഎസ് സ്റ്റേഡിയത്തിൽ മരണം വരെ നിരാഹാരം തുടരാനാണ് വാങ്ചുക്കിന്‍റെ തീരുമാനം. ആമിർ ഖാന്‍റെ '3 ഇഡിയറ്റ്‌സ്' എന്ന ചിത്രത്തിലെ ഫുൻസുഖ് വാങ്‌ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായ വ്യക്തിയാണ് സോനം വാങ്‌ചുക്. മൈനസ് 16 ഡിഗ്രി സെൽഷ്യസിലാണ് വാങ്‌ചുക്കും പ്രദേശവാസികളും രാത്രിയും പകലുമില്ലാതെ സമരം നടത്തുന്നത്.
നിരാഹാരം ആരംഭിക്കുന്നതിന് മുമ്പ് ബിജെപിയുടെ 2019 ലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം വാങ്ചുക് ഓര്‍മിപ്പിച്ചു. ഗോത്ര പദവി നല്‍കുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ ലഡാക്കിനെ കൊണ്ടുവരുമെന്ന് അന്ന് പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തിരുന്നു. ലഡാക്കിലെ ജനസംഖ്യയുടെ 97 ശതമാനവും തദ്ദേശീയരായ ഗോത്രവർഗ വിഭാഗങ്ങളാണ്.
'ഞാൻ 21 ദിവസത്തെ നിരാഹാരം അനുഷ്‌ഠിക്കാന്‍ പോവുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധി ഉപവസിച്ച ഏറ്റവും ദൈർഘ്യമേറിയ കാലയളവും 21 ദിവസമാണ്. മഹാത്മ ഗാന്ധിയുടെ സമാധാനപരമായ പാത ഞാനും അനുകരിക്കുകയാണ്. കഷ്‌ടപ്പാടുകൾ സ്വയം സഹിക്കുന്നു. ഞങ്ങളുടെ ആവശ്യം ഗവൺമെന്‍റിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.'-അനുയായികളെ അഭിസംബോധന ചെയ്‌തു കൊണ്ട് വാങ്ചുക് പറഞ്ഞു.