ശ്രീനഗര്‍: മൂന്ന് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ആദ്യമായി കശ്‌മീരി പണ്ഡിറ്റുകള്‍ ഒരു ഹൗസിങ് സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തു. സര്‍ക്കാരില്‍ നിന്ന് തുച്‌ഛമായ വിലയ്ക്ക് വാങ്ങുന്ന ഭൂമിയിലാണ് താഴ്‌വരയില്‍ അവര്‍ സ്ഥിരതാമസത്തിനായി ഹൗസിങ് സൊസൈറ്റി നിര്‍മിക്കുക.
കശ്‌മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവിനുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പ് നീളുന്നതിനിടെയുള്ള നിരാശകള്‍ക്കിടെയാണ് ഇത് യാഥാര്‍ഥ്യമായിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ വൈകുന്നതായിരുന്നു പണ്ഡിറ്റുകളുടെ തിരിച്ച് വരവും പുനരധിവാസവും കാലതാമസം നേരിടാന്‍ കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുസ്‌ലിം ജനതയെക്കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഒരു കുടിയേറ്റ സംവിധാനത്തിനാണ് തങ്ങള്‍ മുന്‍കൈ എടുക്കുന്നതെന്ന് സൊസൈറ്റിയുടെ സെക്രട്ടറി സതീഷ് മഹാല്‍ദര്‍ പറഞ്ഞു. പ്രത്യേകമുള്ള ടൗണ്‍ഷിപ്പുകളില്‍ ഒറ്റപ്പെട്ട് ജീവിക്കാനല്ല തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനൊന്ന് കശ്‌മീരി പണ്ഡിറ്റുകളും രണ്ട് സിക്കുകാരും ഉള്‍പ്പെടുന്ന സൊസൈറ്റിയാണ് രജിസ്‌റ്റര്‍ ചെയ്‌തത്. 1989ല്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞ് പിടിച്ച് കൊല ചെയ്യാന്‍ തുടങ്ങിയപ്പോള്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്‌തവരാണ് ഇവര്‍.
പണ്ഡിറ്റുകളുടെ പുനരധിവാസം തെരഞ്ഞെടുപ്പ് നേട്ടത്തിന്
കശ്‌മീരി സമൂഹത്തിന്‍റെ താഴ്‌വരയിലേക്കുള്ള മടക്കം വലിയ തോതില്‍ രാഷ്‌ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് മഹല്‍ദാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. രാഷ്‌ട്രീയക്കാര്‍ ഇതിനെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണ്ഡിറ്റുകളുടെ തിരിച്ച് വരവ് സംബന്ധിച്ച ആശങ്കകള്‍ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല. 2019ല്‍ തന്നെ താഴ്‌വരയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന 419 കുടുംബങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രദേശം സാധാരണനിലയിലായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. അത് കൊണ്ട് തങ്ങളുടെ പാരമ്പര്യം ഉണര്‍ത്തുന്ന പ്രദേശത്തേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മിക്കവരും അവിടെയുണ്ടായിരുന്ന ഭൂമിയും വീടുമെല്ലാം വിറ്റഴിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നാമമാത്രമായ തുകയ്ക്ക് ഭൂമി വാങ്ങി ഇപ്പോള്‍ ഹൗസിങ് സൊസൈറ്റിക്കായി രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക പൂര്‍ത്തിയായതോടെ സൊസൈറ്റിയുെട രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ശ്രീനഗറില്‍ എവിടെയെങ്കിലും തുച്‌ഛമായ തുകയ്ക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കും. പന്ത്രണ്ടര ഏക്കര്‍ ഭൂമി ലഭ്യമായാല്‍ അത് പ്ലോട്ടുകളായി തിരിച്ച് ഓരോ കുടുംബത്തിനും വീട് നിര്‍മിക്കും. ഒരു കമ്യൂണിറ്റി സെന്‍ററുമുണ്ടാകും. ശ്രീനഗറില്‍ നിന്ന് ആദ്യം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഗ്രാമങ്ങളിലേക്ക് പോകും. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള കശ്‌മീരി കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളുമെന്നും മഹല്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പദ്ധതിയെ ഒരു വിഭാഗം കശ്‌മീരി പണ്ഡിറ്റുകള്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് മഹല്‍ദാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താഴ്‌വരയില്‍ നടക്കുന്ന തെരഞ്ഞെടുത്ത കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഈ പദ്ധതികളെ എതിര്‍ക്കുന്നത്.
ഇത് തങ്ങളുടെ പുനസംഗമമാണ്. തന്‍റെ പാരമ്പര്യവും ആചാരങ്ങളുമെല്ലാം അവിടെയുണ്ട്. ശങ്കരാചാര്യ ക്ഷേത്രം സന്ദര്‍ശിക്കണം. മക്‌ദൂം സാഹിബിന്‍റെ ആരാധനാലയത്തിലും പോകണമെന്നും മഹല്‍ദാര്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണം
ഉന്നത നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കമുള്ള കശ്‌മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ ഭീകരരുടെ ആക്രമണത്തിന് ഇരയായെന്ന് 2010ലും 2019ലും നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് 62000ത്തോളം കശ്‌മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്‌മീരില്‍ നിന്ന് സുരക്ഷ തേടി ഡല്‍ഹിയടക്കം രാജ്യത്തിന്‍റെ മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തത്. തങ്ങളുടെ വീടുകളും ഭൂമിയും പലരും കയ്യേറിയെന്നും ഇവര്‍ ആരോപിക്കുന്നു. ചിലര്‍ കിട്ടിയ വിലയ്ക്ക് അവ വിറ്റു. തുടര്‍ന്നാണ് 2021 ഓഗസ്‌റ്റില്‍ ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
1997ലെ ജമ്മു കശ്‌മീര്‍ കുടിയേറ്റ സ്ഥാവര സ്വത്ത് (സംരക്ഷണം) നിയമം ഇവരെ കുടിയേറ്റക്കാര്‍ എന്നാണ് പരാമര്‍ശിക്കുന്നത്. ഇവരുടെ തിരിച്ച് വരവ് സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ പ്രധാനമന്ത്രി വികസന പദ്ധതി നടപ്പാക്കി. 2008ല്‍ പ്രധാനമന്ത്രി പുനര്‍നിര്‍മാണ പദ്ധതിയില്‍ ആറായിരം തൊഴിലുകളും പണ്ഡിറ്റുകള്‍ക്കായി സൃഷ്‌ടിച്ചു.
ഇതില്‍ 5724 കശ്‌മീരി കുടിയേറ്റക്കാരെ നിയമിച്ചു കഴിഞ്ഞതായി 2024 ഓഗസ്‌റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ജീവനക്കാര്‍ക്ക് വടക്ക്, മധ്യ, ദക്ഷിണ കശ്‌മീരിലായി ആറായിരം താമസയിടങ്ങളും സജ്ജമാക്കി.
Also Read: മഞ്ഞുമലകളും തണുപ്പും ആവോളം ആസ്വദിക്കാം; വരൂ ഭൂമിലെ സ്വർഗത്തിലേക്ക് പോകാം