മലപ്പുറം: ഗുരുവായൂരിൽനിന്ന് ഥാർ ലേലത്തിൽ സ്വന്തമാക്കിയ പ്രമുഖ വ്യവസായി വിഘ്നേഷ് വിജയകുമാർ പുതിയ സംരംഭത്തിലേക്ക്. വ്യവസായി, സിനിമ നിർമാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വിഘ്നേഷ് ഭാവിയിൽ കുതിരസവാരി കേരളത്തിൽ സുപരിചിതമാക്കിയ വ്യക്തി എന്ന പേരിലും അറിയപ്പെടും. വാർത്തകളിൽ വ്യത്യസ്‌ത കാര്യങ്ങൾ ചെയ്‌ത് ഇടം നേടിയ ഈ ചെറുപ്പക്കാരൻ കുതിരസവാരി വിനോദം കേരളത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതിനായി കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മുപ്പതോളം കുതിരകളെ ഒരേസമയം നാട്ടിലേക്ക് എത്തിച്ചു. രാജസ്ഥാനിലെ പുഷ്‌കർ മേളയിലെ കരുത്തരായ 30 കുതിരകളെയാണ് കേരളത്തിലേക്ക് എത്തിച്ചത്. ഒരു മൃഗസ്നേഹി കൂടിയായ ഇദ്ദേഹം രാജസ്ഥാനിൽ നിന്നും ആനിമൽ ആംബുലൻസിലാണ് കുതിരകളെ നാട്ടിലെ ഫാമിലെത്തിക്കുന്നത്.
കുതിര പ്രേമത്തിന് അപ്പുറത്ത് വിഘ്നേഷിന് ഇതിന് പിന്നിൽ വലിയ ലക്ഷ്യങ്ങളുണ്ട്. കുതിര സവാരിയെ കേരളത്തിലെ ജനങ്ങൾക്കിടയിൽ സുപരിചിതമാക്കുകയെന്ന ലക്ഷ്യമാണ്. കൂടാതെ കുതിരാഭ്യാസം സ്‌കൂൾ കുട്ടികൾക്കിടയിൽ പരിശീലിപ്പിക്കുക, വിനോദസഞ്ചാരത്തിന് ഇവയെ പ്രയോജനപ്പെടുത്തുകയെന്നത് മറ്റ് ലക്ഷ്യങ്ങളാണ്. വിദ്യാര്‍ഥികള്‍ക്ക് കുതിരസവാരി പഠിക്കാൻ ചില സ്‌കൂളുകള്‍ക്ക് വിഘ്‌നേഷ് കുതിരകളെ നേരത്തെ എത്തിച്ചു നല്‍കിയിരുന്നു.