ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ സുൻജ്‌വാൻ സൈനിക താവളത്തില്‍ തീവ്രവാദി ആക്രമണം. ഒരു സൈനികന് പരിക്കേറ്റു. സ്‌നൈപ്പർ ആക്രമണത്തിലാണ് സൈനികന് പരിക്കേറ്റത്. ഇന്ന് (സെപ്‌റ്റംബര്‍ 2) രാവിലെ 10.15ഓടെ സൈനിക താവളത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സൈനികന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷ സേന ജമ്മുവിൽ തെരച്ചില്‍ ആരംഭിച്ചു. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് പ്രദേശത്ത് തെരച്ചില്‍ നടക്കുന്നത്. അതേസമയം, ആക്രമണത്തെക്കുറിച്ച് സൈന്യമോ പൊലീസോ ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ഇതാദ്യമായല്ല സുൻജ്‌വാൻ സൈനിക താവളത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തുന്നത്. 2018 ഫെബ്രുവരി 10ന് ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ ആറ് സൈനികരും മൂന്ന് തീവ്രവാദികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. 14 സൈനികര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം 20 പേർക്കാണ് അന്ന് പരിക്കേറ്റത്.
2001ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഫ്‌സൽ ഗുരുവിന്‍റെ ചരമവാർഷിക ദിനത്തിലായിരുന്നു ആക്രമണം. 2016ലെ ഉറി ആക്രമണത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
Also Read :തെരഞ്ഞെടുപ്പിനൊരുങ്ങി ജമ്മു കശ്‌മീര്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്