കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലൻസ്‌കി. ട്രംപിന്‍റെ പ്രവചനാതീതമായ സമീപനം റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ സഹായിച്ചേക്കുമെന്നാണ് സെലൻസ്‌കിയുടെ അഭിപ്രായം. യുക്രെയ്‌നിലെ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് സെലൻസ്‌കി ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്ക് 24 മണിക്കൂറിനുള്ളില്‍ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് സമാധാനത്തിനായി ഭൂമി വിട്ടുകൊടുക്കാൻ തങ്ങള്‍ നിര്‍ബന്ധിതരായേക്കാമെന്ന ആശങ്ക യുക്രേനിയൻ ഉദ്യോഗസ്ഥരിലുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സെലൻസ്‌കിയുടെ പരാമര്‍ശം വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
"ഡൊണാള്‍ഡ് ട്രംപ് ശക്തനും പ്രവചനാതീതനുമാണ്. അദ്ദേഹം ശരിക്കും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഏറെ പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്നും റഷ്യൻ പ്രസിഡന്‍റ് പുട്ടിനെ തടയുന്നതിലും അതിന് ഞങ്ങളെ സഹായിക്കുന്നതിലും ട്രംപിന്‍റെ നിലപാട് നിര്‍ണായകമാകും" - സെലൻസ്‌കി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിലവില്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന യുഎസ് സൈനിക സഹായം ട്രംപ് മന്ദഗതിയിലാക്കുകയോ പൂർണ്ണമായും നിർത്തുകയോ ചെയ്യുമെന്ന ഭയം യുക്രെയ്‌ന് ഉണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുക്രെയ്‌ൻ പ്രസിഡന്‍റ് സെലൻസ്‌കി ഡൊണാൾഡ് ട്രംപുമായും അദ്ദേഹത്തിൻ്റെ ടീമുമായും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ഇതിന്‍റെ ഭാഗമായി ട്രംപുമായി നവംബറില്‍ സെലന്‍സ്‌കി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതയുള്ള കരാറിന് മേൽനോട്ടം വഹിക്കാൻ പാശ്ചാത്യ സമാധാന സേനയെ യുക്രെയ്‌നിൽ വിന്യസിക്കാൻ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ നിർദേശിച്ച ആശയത്തോട് ട്രംപ് അനുകൂലമായാണ് പ്രതികരിച്ചതെന്ന് സെലെൻസ്‌കി വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ മാസം പാരിസില്‍ സെലൻസ്‌കി ട്രംപുമായും മാക്രോണുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം, യുദ്ധം അടുത്ത മാസം നാലാം വർഷത്തിലേക്ക് കടക്കാനിരിക്കെ, ട്രംപ് അധികാരത്തിൽ വരുന്നതോടെ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷം എങ്ങനെ, എപ്പോൾ അവസാനിക്കും എന്ന ചോദ്യവും നിലവില്‍ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉയരുന്നുണ്ട്.
Also Read : 'സാധാരണക്കാര്‍ ഗാസയില്‍ എവിടെയും സുരക്ഷിതരല്ല': യുഎൻ ഹ്യുമാനറ്റേറിയൻസ്