അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ് മാർച്ച് തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനം ആണെന്ന് ശശി തരൂർ. അരവിന്ദ് കെജ്‌രിവാളിനെ ഉടനെ പുറത്തുവിടണം. അന്വേഷണം നടത്തണമെങ്കിൽ ജൂൺ നാല് വരെ കാത്തിരിക്കാനുള്ള ധൈര്യം കാണിക്കട്ടെയെന്നും ശശി തരൂർ പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പ് സമയത്ത് ജനാധിപത്യവിരുദ്ധമായ നടപടിയായി മുന്നോട്ടു പോകാൻ സമ്മതിക്കില്ല. പെരുമാറ്റ ചട്ട ലംഘനമാണിത്. അഴിമതി കാണിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നില്ല. തെരെഞ്ഞെടുപ്പ് കഴിയും വരെ കാത്തിരുന്നുകൂടേ എന്നും എന്ന് തരൂർ ചോദിച്ചു.
ജനാധിപത്യത്തിന് എതിരായ നീക്കമാണിത്. തെരഞ്ഞെടുപ്പിനെ തകർക്കാനാണ് ശ്രമം. ഇത് ജനാധിപത്യത്തെ ബാധിക്കുന്ന ആക്രമണമാണ്. ഒരേ അവകാശത്തോടെ പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സുതാര്യമായി മുന്നോട്ടു പോകണമെങ്കിലും അറസ്‌റ്റ് പിൻവലിക്കുകയും കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടി പിൻവലിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
Also read : 'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ ചെയ്യാൻ പാടില്ലാത്ത കാര്യം' ; അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ ശശി തരൂർ - SHASHI THAROOR ON KEJRIWAL ARREST
ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സി പി ജോൺ, പ്രസന്നകുമാർ, എം വിൻസെൻ്റ് എംഎൽഎ, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ എന്നിവരടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ആം ആദ്‌മി ജില്ല കമ്മിറ്റിയുടെയും, ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിലും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്ഭവന് മുന്നിലെ റോഡ് ഉപരോധിച്ച ആം ആദ്‌മി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.