ഷാജഹാൻപൂർ : ഉത്തർപ്രദേശിൽ നിർത്തിയിട്ട ബസിന് മുകളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. സീതാപൂരിൽ നിന്ന് പൂർണഗിരിയിലേക്ക് പോകുകയായിരുന്ന ഭക്തർ സഞ്ചരിച്ച സ്വകാര്യ ബസിന് മുകളിലേക്കാണ് ട്രക്ക് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
ഷാജഹാൻപൂർ ജില്ലയിലെ ഖുതാർ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍, ഖുതാർ മേഖലയിൽ ഗോല ബൈപാസ് റോഡിലെ ധാബയിൽ ബസ് നിർത്തിയപ്പോഴായിരുന്നു അപകടം. ബലാസ്റ്റ് കല്ലുകൾ നിറച്ച ട്രക്കാണ് അപകടത്തിനിടയാക്കിയത്. രാത്രി 11 മണിയോടെ ആയിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.
സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ ബരാജെത ഗ്രാമത്തിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. 'ശനിയാഴ്‌ച രാത്രി 11.20 മണിയോടെയാണ് ഖുതാർ പിഎസ് ഏരിയയിൽ പാർക്ക് ചെയ്‌ത ബസിന് മുകളിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. പൂർണഗിരിയിലേക്ക് പോകുന്ന ഭക്തരായിരുന്നു ബസിൽ. അപകടസമയം ചിലർ ബസിനുള്ളിലും മറ്റുള്ളവർ ധാബയിൽ ഭക്ഷണം കഴിക്കുകയുമായിരുന്നു' -ഷാജഹാൻപൂർ എസ്‌പി അശോക് കുമാർ മീണ പറഞ്ഞു.