ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്‍റെ കാലാവധി നാളെ അവസാനിക്കുകയാണ്. ആരാകും അടുത്തതായി ആ പദവിയിലേക്ക് എത്തുക എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സമിതി രാജീവ് കുമാറിന്‍റെ പിന്തുടര്‍ച്ചക്കാരനെ തീരുമാനിക്കും. സമിതിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എങ്ങനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുക?
ആദ്യമായാണ് പുതിയ ചട്ടപ്രകാരമുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണര്‍മാരെയും നിയമിക്കാനുള്ള നടപടികളിലേക്ക് രാജ്യം പോകുന്നത്. 2023 ഡിസംബറിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണര്‍മാരുടെയും (നിയമനം, സേവനവ്യവസ്ഥകള്‍, കാലാവധി) നിയമം നിലവില്‍ വന്നത്. 2024 മാര്‍ച്ചില്‍ ഈ നിയമ പ്രകാരമാണ് ഇപ്പോഴത്തെ കമ്മിഷണര്‍മാരായ സുഖ്‌ബീര്‍ സിങ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും നിയമിച്ചത്.
കമ്മിഷനിലെ മുതിര്‍ന്ന അംഗത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്ന മുന്‍ കീഴ്‌വഴക്കം പുതിയ ചട്ടപ്രകാരം ഇല്ലാതായിട്ടുണ്ട്. പകരം സെർച്ച് കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയില്‍ വരുന്നവര്‍ക്ക് കിട്ടുന്ന ധാരണാ വോട്ടുകളുടെ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിശ്ചയിക്കുക.
രാജീവ് കുമാര്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ കമ്മിഷനിലെ മുതിര്‍ന്ന അംഗം ഗ്യാനേഷ് കുമാറാണ്. ഇദ്ദേഹത്തിന് 2029 ജനുവരി 26 വരെ കാലാവധിയുമുണ്ട്. നിലവിലുള്ള കമ്മിഷനംഗങ്ങളില്‍ ആരെയെങ്കിലും പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുമോ അതോ പുറത്ത് നിന്ന് പുതുതായി ആരെങ്കിലും എത്തുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
രണ്ടാമത്തെ രീതിയിലാകുമെങ്കില്‍ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാകും 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ബിഹാറില്‍ ഇക്കൊല്ലം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പും, അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി തുടങ്ങിയിടങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും നടത്തേണ്ടത്. ഇതിന് പുറമെ 2027ല്‍ വരുന്ന ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, തെരഞ്ഞെടുപ്പും ഈ കമ്മിഷന് നടത്തേണ്ടി വരും.
പുതിയ ചട്ടപ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും മറ്റ് കമ്മിഷണര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിലെ സെക്രട്ടറിക്ക് സമാനമായ റാങ്കാകും ഉള്ളത്. ഒപ്പം തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അറിവും പരിചയവും ഉണ്ടാകണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ചുരുക്കത്തില്‍ വിരമിച്ച സെക്രട്ടറിമാര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് കമ്മിഷണര്‍മാരും ആകാന്‍ യാതൊരു തടസവുമില്ല.
65 വയസ് തികഞ്ഞതിനാലാണ് നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് സ്ഥാനമൊഴിയേണ്ടി വന്നിരിക്കുന്നത്.