കവർധ (ഛത്തീസ്‌ഗഡ്) : ടെണ്ടു ഇല പറിച്ചെടുത്ത് മടങ്ങുകയായിരുന്ന 19 ബൈഗ ആദിവാസികൾക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെ കവർധയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 18 പേരും സ്‌ത്രീകളാണ്.
ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് 20 അടി താഴ്‌ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. 13 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിൽ 35-40 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം സെംഹാര ഗ്രാമത്തിലെ താമസക്കാരാണ്.
നാട്ടുകാരാണ് അപകട വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അപകടത്തിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് ദുഃഖം രേഖപ്പെടുത്തി.
വനമേഖലകളിൽ താമസിക്കുന്ന നിരവധി ആദിവാസി വിഭാഗക്കാരുടെ ഉപജീവന മാര്‍ഗമാണ് ടെന്‍ഡു ഇലകൾ. ഇവ ശേഖരിച്ച് പ്രാദേശിക വിപണിയിൽ വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്.
Also Read :കോട്ടയത്ത് വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിർത്താതെ പോയ കാർ അഞ്ച് മാസത്തിന് ശേഷം കസ്‌റ്റഡിയിൽ - Parakkachira Car Accident Death