ന്യൂഡൽഹി : പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്‌ണയുമാണ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രൂക്ഷ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചു.
മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്നും കോടതി അന്ധനല്ലെന്നും രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗിയോട് ബെഞ്ച് പറഞ്ഞു. അവർ നടപടിക്രമങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് അവർ നടത്തിയ കള്ളസാക്ഷ്യവും കോടതി ചൂണ്ടിക്കാട്ടി. കേസ് കേവലം എഫ്എംസിജി മാത്രമല്ല മറിച്ച് നിയമ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
കോടതിയിൽ നേരിട്ട് ഹാജരാകാതിരിക്കാൻ ബാലകൃഷ്‌ണയും രാംദേവും വിദേശ യാത്രയിലാണെന്ന് കള്ളം പറയാന്‍ ശ്രമിച്ചതായും ബെഞ്ച് പറഞ്ഞു. മാർച്ച് 30-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ മാർച്ച് 31-ലെ വിമാന ടിക്കറ്റുകളാണ് ചേർത്തത്. സത്യവാങ്മൂലം നൽകിയപ്പോൾ വിമാന ടിക്കറ്റുകൾ നിലവിലുണ്ടായിരുന്നില്ലെന്നും ബെഞ്ച് കണ്ടെത്തി.
രാംദേവിന്‍റെയും ബാലകൃഷ്‌ണയുടെയും മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നും ബോധപൂർവമായ അനുസരണക്കേടാണ് കമ്പനി കാട്ടിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഈ കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന്‍റെ അതേ ഗൗരവത്തോടെയാണ് ഈ മാപ്പപേക്ഷയെയും ഞങ്ങൾ കാണേണ്ടത്. സമൂഹത്തിന് ഒരു സന്ദേശം നൽകുകയാണ് ഞങ്ങളുടെ കര്‍ത്തവ്യമെന്നും സുപ്രീം കോടതി പറഞ്ഞു.