ന്യൂഡൽഹി:മിലിട്ടറി നഴ്‌സിങ് സർവീസിലെ വനിതാ നഴ്‌സിങ് ഓഫിസറെ വിവാഹത്തിന്‍റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ സുപ്രീംകോടതി. ലിംഗവിവേചനത്തിന്‍റെയും അസമത്വത്തിന്‍റെയും പരുക്കൻ കേസാണിതെന്നും നഴ്‌സിന് ഫൈനൽ സെറ്റിൽമെന്‍റായി 60 ലക്ഷം രൂപ നൽകണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് പറഞ്ഞു. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത് (SC On Termination Of Ex-Military Nurse On Ground Of Marriage).
മിലിട്ടറി നഴ്‌സിങ് സർവീസിൽ പെർമനന്‍റ് കമ്മിഷന്‍ ഓഫിസറായിരുന്ന വനിതാ ഓഫിസറായ സെലീന ജോണ്‍ വിവാഹിതയായതിൻ്റെ പേരിൽ അവരെ സർവീസിൽ നിന്നും വിട്ടയക്കുകയോ അല്ലെങ്കിൽ ഡിസ്‌ചാർജ് ചെയ്യുകയോ ചെയ്യാമായിരുന്നു എന്ന തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
ഈ നിയമം വനിതാ നഴ്‌സിങ് ഓഫിസർമാർക്ക് മാത്രമേ ബാധകമാകൂ. വിവാഹിതയായി എന്ന കാരണത്താൽ തൊഴിൽ അവസാനിപ്പിക്കുകയും ഈ നിയമം വഴി സ്‌ത്രീകൾ ലിംഗ വിവേചനവും അസമത്വവും നേരിടുന്നു. പ്രത്യക്ഷത്തിൽ ഏകപക്ഷീയമായ നിയമമാണെന്നും ഫെബ്രുവരി 14 ന് പുറപ്പെടുവിച്ച ഉത്തരവിൽ ബെഞ്ച് പറഞ്ഞു.
ഇത്തരം പുരുഷാധിപത്യ ഭരണത്തിൻ്റെ സ്വീകാര്യത മനുഷ്യന്‍റെ അന്തസ്സിനെയും വിവേചനരഹിതമായ അവകാശത്തെയും ഹനിക്കുന്നു. ന്യായമായ പെരുമാറ്റവും ലിംഗാധിഷ്‌ഠിത പക്ഷപാതത്തെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ഭരണഘടനാപരമായി അനുവദനീയമല്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.