ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാള്‍ ജയില്‍മോചിതനായി. തിഹാര്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന കെജ്‌രിവാളിനെ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. വന്‍ സ്വീകരണമാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് കെജ്‌രിവാളിന് ഒരുക്കിയത്.
ദേശവിരുദ്ധ ശക്തികളോടുള്ള പോരാട്ടം തുടരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. താന്‍ കരുത്തനായിരിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
സിബിഐ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ഇന്ന് രാവിലെ ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍മോചനം സാധ്യമായത്. സിബിഐ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌ത സിബിഐ നടപടിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റ് അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ബുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ വിചാരണ നീണ്ടുപോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസ്‌റ്റഡി അനന്തമായി നീട്ടാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കേയാണ് ജൂണ്‍ 26ന് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി സെപ്റ്റംബര്‍ അഞ്ചിന് സുപ്രീംകോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇഡി രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീംകോടതി ജൂലൈ 12ന് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്‌തതിനാല്‍ കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനായിരുന്നില്ല.
രാജ്യത്താകെ ചർച്ച വിഷയമായ ഒരു സംഭവമാണ് മദ്യനയ അഴിമതി കേസ്. ഒമ്പത് തവണ ഇഡി സമൻസ് തള്ളിയ കെജ്‌രിവാളിനെ 2024 മാർച്ചിലാണ് അറസ്‌റ്റ് ചെയ്‌തത്. മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലാകുന്ന മൂന്നാമത്തെ ആം ആദ്‌മി പാര്ട്ടി നേതാവായിരുന്നു അരവിന്ദ് കെജ്‌രിവാൾ.
മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതാണ് കെജ്‌രിവാളിനും ആം ആദ്‌മി പാര്‍ട്ടിക്കും വിനയായത്. മദ്യവില്‍പ്പനയ്ക്ക് ലൈസൻസ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
മദ്യനയ അഴിമതിക്കേസ് നാള്‍വഴി:
2021 നവംബർ 17:ഡല്‍ഹിയില്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നു. മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യമേഖലയ്ക്ക് തീറെഴുതി. അഴിമതിയാരോപണം ഉയര്‍ന്നതോടെ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ലഫ്. ഗവര്‍ണര്‍.
2022 ജൂലൈ 8: ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
2022 ജൂലൈ 22:സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം.
2022 ജൂലൈ 31: വിവാദമായതോടെ മദ്യനയം പിൻവലിച്ചു.