കൊൽക്കത്ത : തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ സ്ഥാനമൊഴിഞ്ഞതില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങാത്തതിന് അരുൺ ഗോയലിന് സല്യൂട്ട് എന്നായിരുന്നു മമത ബാനർജിയുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ടിഎംസിയുടെ മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നതിന് തെളിവാണ് ഗോയലിന്‍റെ പെട്ടെന്നുള്ള രാജി. തെരഞ്ഞെടുപ്പിന്‍റെ പേരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് തെളിയിക്കപ്പെട്ടു. അവർ വോട്ട് കൊള്ളയടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാള്‍ കേന്ദ്ര ഫണ്ട് തട്ടിയെടുക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വസ്‌തുതകൾ പരിശോധിക്കണമെന്ന് മമത മറുപടി നല്‍കി. പ്രധാനമന്ത്രി ബംഗാളില്‍ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുന്നതല്ലാതെ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നില്ല. ഇതാണ് അദ്ദേഹത്തിന്‍റെ ഗ്യാരന്‍റി. മോദിയുടേത് വ്യാജ ഗ്യാരന്‍റികളാണെന്നും മമത പറഞ്ഞു.