ചണ്ഡീഗഢ് (പഞ്ചാബ്): ആഗ്രഹങ്ങൾ മനസിലൊതുക്കാനുള്ളതല്ല. അത് നടത്തി കാണിക്കാനുള്ളതാണ്. തന്‍റെ 11 വർഷത്തെ ആഗ്രഹങ്ങൾക്ക് ചിറക് വിരിയിച്ചിരിക്കുകയാണ് 71 കാരനായ രേഷം സിങ്. പഞ്ചാബ് റോഡ്‌വേയ്‌സിലെ തന്‍റെ ദീർഘകാല സേവനത്തിന് നന്ദി സൂചകമായി റോഡ്‌വേയ്‌സ് ബസിൻ്റെ ശിൽപം നിർമിച്ച് തന്‍റെ വീടിന്‍റെ മുകളിൽ സ്ഥാപിയ്ക്കുക (Retired employee of Punjab roadways installs government bus on house roof) എന്ന മോഹമാണ് അദ്ദേഹം യാഥാർത്ഥ്യമാക്കിയത്.
പഞ്ചാബ് റോഡ്‌വേയ്‌സിൽ ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്‍റിലെ മുൻ ജീവനക്കാരനാണ് രേഷം സിങ്. നീണ്ട 45 വർഷത്തെ സേവനങ്ങൾക്ക് ശേഷം 2013ലാണ് അദ്ദേഹം വിരമിച്ചത്. കപൂർത്തലയിലെ കാങ് സാഹ്ബു സ്വദേശിയാണ് രേഷം. പഞ്ചാബ് റോഡ്‌വേയ്‌സ് കാരണമാണ് തന്‍റെ ജീവിതം പച്ച പിടിച്ചതെന്നും ഇതിന് നന്ദി സൂചകമായാണ് താൻ വീടിൻ്റെ മേൽക്കൂരയിൽ ബസിന്‍റെ ശിൽപം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നീലയും വെള്ളയും നിറങ്ങളിൽ ചായം പൂശിയ ബസിന്‍റെ ശിൽപത്തിൽ വിൻഡ് ഷീൽഡിന് മുകളിൽ പിആർടിസി എന്നെഴുതിയിട്ടുണ്ട്. ബസിന്‍റെ പിറകിലായി 'ഷാൻ-എ-പെപ്‌സു' എന്നും എഴുതിയിട്ടുണ്ട്. പെപ്‌സു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നാണ് പഞ്ചാബിലെ സർക്കാർ ബസ് സർവീസിനെ പറയുന്നത്.