ന്യൂഡല്‍ഹി:75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഇന്ത്യ ഒരുങ്ങി (Republic Day Celebrations 2024). 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മയ്‌ക്കായാണ് എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കുന്ന കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ (Emmanuel Macron) ആണ് ഇപ്രാവശ്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി (Republic Day Chief Guest 2024). ഈജിപ്‌ത് പ്രസിഡന്‍റ് അബ്‌ദുല്‍ ഫത്താഹ് എല്‍ സിസിയായിരുന്നു കഴിഞ്ഞ വര്‍ഷം ചടങ്ങുകളില്‍ മുഖ്യാഥിതിയായി പങ്കെടുത്തത്. ഇന്ത്യ-ഫ്രാന്‍സ് നയതന്ത്ര ബന്ധത്തിന്‍റെ 25 വര്‍ഷങ്ങളുടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത് കൂടിയാകും മാക്രോണിന്‍റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം.
കഴിഞ്ഞ ജൂണില്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇമ്മാനുവേല്‍ മാക്രോണും ഇന്ത്യയിലേക്ക് വരുന്നത്. അതേസമയം, ചരിത്രത്തില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഫ്രഞ്ച് ഭരണത്തലവനെ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നത്.