മുംബൈ: റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ തുടര്‍ച്ചയായ ഏഴാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. 6.5 ശതമാനമെന്ന തോതിലാണ് രണ്ടും നിലനിര്‍ത്തിയിട്ടുള്ളത്. ഭക്ഷ്യ വിലക്കയ ഭീഷണി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് വരികയാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലം ഏപ്രില്‍ മുതലാണ് റിവേഴ്‌സ് -റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ തുടങ്ങിയത്. 2022 മെയ് മുതല്‍ തുടര്‍ച്ചയായ ആറ് വട്ടം നിരക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയതിന് പിന്നാലെയായിരുന്നു ഈ നടപടി.
ധനനയ സമിതി റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദ്വൈമാസ സാമ്പത്തിക നയപ്രഖ്യാപന വേളയില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ആറംഗ സമിതിയിലെ അഞ്ച് പേരും നിരക്കുകളില്‍ മാറ്റം വേണ്ടതില്ലെന്ന നിലപാട് കൈക്കൊണ്ടു.
ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചിക നാണ്യപ്പെരുപ്പം (സിപിഐ) 5.1 ശതമാനമാണ്. സിപിഐ നാണ്യപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിർത്തണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 4.5 ശതമാനത്തിലേക്ക് തിരിച്ച് പിടിക്കാന്‍ റിസര്‍വ് ബാങ്കിനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5.4ശതമാനമായിരുന്നു. സിപിഐ നടപ്പ് സാമ്പത്തിക വര്‍ഷം 4.5 ശതമാനമാക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ പാദത്തില്‍ ഇത് 4.9, രണ്ടാംപാദത്തില്‍ 3.8, മൂന്നാം പാദത്തില്‍ 4.6, നാലാംപാദത്തില്‍ 4.5 എന്നിങ്ങനെയാണ് ഇത് കണക്കുകൂട്ടുന്നത്.
ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ ശ്രദ്ധ കാട്ടണമെന്നും ശക്തികാന്ത ദാസ് ഊന്നിപ്പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുണ്ടാകാനിടയുള്ള കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. എണ്ണ വില കുറച്ചതിലൂടെ വരും മാസങ്ങളില്‍ രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ ചില്ലറ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരുന്നു. മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് അടുത്താഴ്‌ച മാത്രമേ പുറത്ത് വിടൂ.