കേരളം

kerala

ETV Bharat / bharat

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത് - രാമേശ്വരം കഫേ

തൊപ്പിയും മാസ്‌കും ധരിച്ച് കയ്യില്‍ ഒരു ബാഗുമായി നടക്കുന്നയാളുടെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്.

Rameshwaram Cafe Blast  Rameshwaram cafe  രാമേശ്വരം കഫേ സ്ഫോടനം  രാമേശ്വരം കഫേ  ബെംഗളൂരു
Rameshwaram Cafe Blast

By ETV Bharat Kerala Team

Published : Mar 2, 2024, 4:23 PM IST

രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം

ബെംഗളൂരു : കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.(Rameshwaram Cafe Blast) ബ്രൂക്ക്ഫീല്‍ഡിലുള്ള കഫേയുടെ സിസിടിവി ക്യാമറയില്‍ നിന്നും സമീപത്തുള്ള ക്യാമറകളില്‍ നിന്നും, പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ തൊപ്പിയും മാസ്‌കും ധരിച്ച് കയ്യില്‍ ഒരു ബാഗുമായി നടക്കുന്ന ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്.

ലഭിച്ചിരിക്കുന്ന തെളിവുകള്‍ ഉപയോഗിച്ച് പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ(01-03-2024) രാത്രി ഒരാളെ കസ്റ്റഡിയിലെടുത്തെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ പൊലീസ് തയാറായില്ല. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച വസ്‌തുക്കളുടെ ശാസ്‌ത്രീയ പരിശോധനയും നടക്കുന്നുണ്ട്. 2022ല്‍ മംഗലാപുരത്ത് നടന്ന കുക്കര്‍ സ്ഫോടനവുമായി താരതമ്യം ചെയ്‌തുകൊണ്ടാണ് ശാസ്‌ത്രീയ അന്വേഷണം.

സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും എല്ലാവരും സഹകരിക്കണമെന്നും സിദ്ധരാമയ്യ ഇന്നലെ പറഞ്ഞിരുന്നു. സ്ഫോടനവുമായി ബന്ധമുള്ളവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പുനൽകി.

ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നിരിക്കുന്നതെന്നും ബിജെപി ഭരണകാലത്ത് മംഗലാപുരത്ത് ഉണ്ടായ സ്ഫോടനമല്ലാതെ മറ്റെവിടെയും ഇത്തരം സ്‌ഫോടനങ്ങൾ ഉണ്ടായിട്ടില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. നമ്മുടെ സർക്കാരിന്‍റെ കാലത്ത് ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി)ആണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. എട്ട് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. യുഎപിഎ, എക്‌സ്പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്‌ട് എന്നിവ ചേര്‍ത്താണ് എച്ച്എഎൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ഈസ്റ്റ് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ ഇന്നലെയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവനക്കാർക്ക് ഉള്‍പ്പടെ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു. റെസ്റ്റോറന്‍റിലെ ഹാൻഡ് വാഷ് ഏരിയയ്ക്ക് സമീപം ഉപേക്ഷിച്ച ബാഗിൽ ഉണ്ടായിരുന്ന ടൈമർ ഘടിപ്പിച്ച ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബാഗ് ഇവിടെ ഉപേക്ഷിക്കപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്.

ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ആന്‍റി സബോട്ടാഷ് ടീം, ഫൊറൻസിക് അനലിസ്റ്റുകൾ എന്നിവരെത്തി സംഭവ സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‌ജി) അംഗങ്ങളും അന്വേഷണ സംഘത്തോടൊപ്പമുണ്ട്.

Also Read :ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം : യുഎപിഎ ചുമത്തി, പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രമന്ത്രിയും ഗവർണറും

അതേസമയം, ബ്രൂക്ക്ഫീൽഡ് ബ്രാഞ്ചിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖമുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും രാമേശ്വരം കഫേ സഹസ്ഥാപകയും മാനേജിംഗ് ഡയറക്‌ടറുമായ ദിവ്യ രാഘവേന്ദ്ര റാവു പറഞ്ഞു. പരിക്കേറ്റവർക്കും അവരുടെ കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും സഹായവും പരിചരണവും വാഗ്‌ദാനം ചെയ്യുന്നുവെന്നും അവർ പ്രസ്‌താവനയില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details