ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുംതോറും കോൺഗ്രസ് പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആളുകൾ കോൺഗ്രസിലേക്ക് വോട്ട് ചെയ്യാൻ ആഗ്രഹിച്ചാലും, അത് സ്വയം നശിപ്പിക്കുന്ന രീതിയിലാണ് പാർട്ടിയുടെ നിലവിലെ പെരുമാറ്റം. പാർട്ടിക്ക് പിന്തുണ നൽകുക എന്നത് ജനങ്ങളെ സംബന്ധിച്ച് പ്രയാസകരമായ ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യസഭയിലെ ബിജെപി അട്ടിമറിക്ക് ശേഷം ഹിമാചൽ പ്രദേശിലും കോൺഗ്രസിൽ പ്രതിസന്ധി തുടർന്നു കൊണ്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ ആറ് എംഎൽഎമാർ പാർട്ടി വിപ്പിനെതിരെ വോട്ട് ചെയ്‌തതോടെ പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്‌വിയുടെ പരാജയത്തിന് കാരണമായിരുന്നു. ഇത് ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വലിയ അപമാനം ഉണ്ടാക്കി.
ഹിമാചൽ പ്രദേശിലെ തോൽവി പാർട്ടിയ്‌ക്ക് എളുപ്പത്തിൽ തടയാൻ കഴിയുന്ന ഒന്നായിരുന്നു എന്നതിനാൽ അതൊരു കടുത്ത വേദന തന്നെയാണ്. മുതിർന്ന നേതാവ് മുന്നറിയിപ്പ് നൽകിയിട്ടും കാര്യങ്ങൾ സുഗമമാക്കാൻ പാർട്ടി ഹൈക്കമാൻഡ് ഒന്നും ചെയ്‌തില്ല എന്നത് തന്നെയാണ് പാർട്ടി താളം തെറ്റാനിടയാക്കിയതും. ഹിമാചൽ പ്രദേശിൽ പാർട്ടിക്ക് മുമ്പൊരിക്കലും സംസ്ഥാനത്തിന് പുറത്തുള്ള ആളെ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകേണ്ടി വന്നിട്ടില്ലെന്നും സിംഗ്‌വിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസ്യം ഉണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന് പാർട്ടിയിൽ ഭിന്നത നേരിടേണ്ടി വന്നത് ഷിംലയിലെ പരസ്യമായ രഹസ്യമായിരുന്നു. പതിനാല് മാസങ്ങൾക്ക് മുമ്പ് പാർട്ടി ഹൈക്കമാൻഡ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തപ്പോൾ എംഎൽഎമാർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രദേശ് കോൺഗ്രസ് മേധാവിയും ആറ് തവണ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മന്ത്രി വീർഭദ്ര സിങിന്‍റെ ഭാര്യ പ്രതിഭ സിങിനെയോ, അവരുടെ മകൻ വിക്രമാദിത്യ സിംഗിനെയോ മുഖ്യമന്ത്രിയാക്കാനാണ് അവർ ഇഷ്‌ടപ്പെടുന്നത്. എന്നാൽ സുഖുവിനെ അനുകൂലിച്ച ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായത്തെ പാടെ തള്ളിക്കളയുകയായിരുന്നു.
അതിനാൽ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതു മുതൽ സുഖുവിന് പാർട്ടിയിൽ നിന്ന് വിയോജിപ്പ് നേരിടേണ്ടിവന്നിരുന്നു. പിന്നീട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ അവസരം ലഭിച്ചപ്പോൾ എംഎൽഎമാർ ആഞ്ഞടിക്കുകയായിരുന്നു. ആറ് എംഎൽഎമാരും പാർട്ടി വിപ്പ് ലംഘിച്ച് സിംഗ്‌വിക്കെതിരെ വോട്ട് ചെയ്‌തു. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ഹർഷ് മഹാജനും സിംഗ്‌വിക്കും 34 വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. നറുക്കെടുപ്പിൽ സിംഗ്‌വി പരാജയപ്പെട്ടു.
68 അംഗ നിയമസഭയിൽ ഭരണകക്ഷിയിൽ 40 അംഗങ്ങളും പ്രതിപക്ഷമായ ബിജെപിക്ക് 25 അംഗങ്ങളും മൂന്ന് സ്വതന്ത്രരുമാണ് ഉണ്ടായിരുന്നത്. ആറ് കോൺഗ്രസ് അംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് മൂന്ന് സ്വതന്ത്രർക്കൊപ്പം ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കൊടുത്തതോടെയാണ് ഇരു പാർട്ടികളിലെ സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ ലഭിച്ചത്.