ന്യൂഡൽഹി: വേനൽ കാലത്ത് യാത്രക്കാര്‍ക്ക് ചൂടിനെ നേരിടാനായി സ്‌റ്റേഷനുകളിൽ കുടിവെള്ള സൗകര്യം ഉറപ്പാക്കുമെന്ന് റെയിൽവേ. സ്‌റ്റേഷനുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ വടക്കൻ റെയിൽവേ ഊർജിതമാക്കിയിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ഉഷ്‌ണ തരംഗം ഇന്ത്യയുടെ പല ഭാഗങ്ങളയും ബാധിക്കുന്ന പശ്ചാത്തലത്തില്‍ കുടിവെള്ളത്തിന്‍റെ ആവശ്യം ഉയരാൻ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിലാണ് റെയില്‍വേയുടെ നടപടി.
എല്ലാ സ്‌റ്റേഷനുകളിലെയും യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ക്രമീകരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട് വടക്കൻ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ അറിയിച്ചു.
എല്ലാ സ്‌റ്റേഷനുകളിലും യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ശ്രമിക്കും. നിലവിലുള്ള എല്ലാ വാട്ടർ കൂളറുകളും പ്രവർത്തനക്ഷമമാണെന്നും പാക്ക്ഡ് കുടിവെള്ളത്തിന്‍റെ വിതരണം ഉറപ്പാക്കുമെന്നും ദീപക് കുമാര്‍ പറഞ്ഞു.