ന്യൂഡല്‍ഹി:പാര്‍ലമെന്‍റില്‍ ശക്തമായ നിലപാടുകള്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുമ്പെങ്ങും ഉണ്ടാകാത്ത വിധത്തില്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അടുത്താഴ്‌ച പാര്‍ലമെന്‍റില്‍ ആവശ്യപ്പെടും.
2019-2024 ല്‍ പാര്‍ലമെന്‍റിലേക്ക് രാഹുല്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് വയനാട്. ഇക്കുറിയും ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ റായ്‌ബറേലി ഏറ്റെടുക്കാന്‍ വേണ്ടി വയനാട് ഒഴിയുകയായിരുന്നു. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടും. ഇവിടെ നിന്ന് ഇവര്‍ക്ക് അനായാസ വിജയം നേടനാകുമെന്നാണ് വിലയിരുത്തല്‍.
രാഹുലും പ്രിയങ്കയും വയനാട് സന്ദര്‍ശിച്ചു
രാഹുലും പ്രിയങ്കയും രണ്ട് ദിവസം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ദുരിതബാധിതരുമായി ഇരുവരും നേരിട്ട് സംവദിച്ചു. അവര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ഈ മേഖലയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള പ്രകൃതി ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും
കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വലിയ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രദേശത്തിന്‍റെ പുനരുജ്ജീവനം സാധ്യമാകൂ. കേന്ദ്രസര്‍ക്കാര്‍ ഇക്കുറി ബജറ്റില്‍ പ്രകൃതി ദുരന്തം നേരിടാന്‍ കേരളത്തിന് തുക വകയിരുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പ്രതിപക്ഷം വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്നും കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഹൈബി ഈഡന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ മുഴുവന്‍ സംവിധാനങ്ങളും ദുരിത ബാധിതരെ സഹായിക്കാനായി ഉപയോഗിക്കും. വീട് നഷ്‌ടമായവര്‍ക്ക് പാര്‍ട്ടി 200 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍ നൂറ് വീടുകള്‍ നല്‍കാമന്ന് അറിയിച്ചിട്ടുണ്ട്. എന്‍ജിഒകളില്‍ നിന്ന് കൂടുതല്‍ സഹായങ്ങള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും പ്രകൃതിദുരന്തങ്ങള്‍
ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും മഴ-ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ഇരു സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കളോട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സുഖുവും പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഉത്തരാഖണ്ഡ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോദിയാലും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നു.
വനിത അംഗങ്ങള്‍ സജീവമാകണം, വനിത വിഷയങ്ങള്‍ ചര്‍ച്ചയാക്കണം
അതിനിടെ പാര്‍ലമെന്‍റിലെ കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി സഭാ നടപടികളില്‍ ഇടപെടണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ ചര്‍ച്ചകളിലും സജീവമായി പങ്കെടുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പാര്‍ലമെന്‍റിലെ വനിതാ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു രാഹുലിന്‍റെ അഭ്യര്‍ത്ഥന. സ്‌ത്രീകളുടെ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കണം. ചോദ്യങ്ങള്‍ ഉയര്‍ത്തണം. അവരവരുടെ മണ്ഡലങ്ങളിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ചയാക്കണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ദേവനഗര്‍ എംപി പ്രഭ മല്ലികാര്‍ജുന്‍ ഇടിവിയോട് പറഞ്ഞു.
വേണുഗോപാല്‍ പിഎസി അധ്യക്ഷന്‍
കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റംഗവും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെ പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി രാഹുല്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്ന സമിതിയാണിത്.
രാഹുലിന്‍റെ ഇതേ നിര്‍ദേശം സിപിപി അധ്യക്ഷ സോണിയ ഗാന്ധിയും സ്‌പീക്കര്‍ക്ക് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അടുത്താഴ്‌ച വിജ്ഞാപനം ഉണ്ടായേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹുലിന്‍റെയും പ്രിയങ്കയുടെയും വയനാട് സന്ദര്‍ശനത്തില്‍ വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.
Also read:കാണാമറയത്തുള്ളവരെ തേടി...; ദുരന്തഭൂമിയില്‍ തെരച്ചില്‍ അഞ്ചാം നാള്‍