ഇന്ന് സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് വന്ധ്യത. ലോകത്തുടനീളം പ്രതിവർഷം 6 മുതൽ 8 കോടി ദമ്പതിമാരാണ് വന്ധ്യതാ പ്രശ്‌നം നേരിടുന്നത്. ജീവിതശൈലി, പരിസ്ഥിതി മലിനീകരണം, ചൂട്, സമ്മർദ്ദം, പുകവലി, മദ്യപാനം ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളുടെ ഉപയോഗം, പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രം തുടങ്ങിയവയെല്ലാം പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിന് പുറമെ ശരീരത്തിൽ പോഷകങ്ങളുടെ കുറവ് ഉണ്ടാകുമ്പോഴും പ്രത്യുത്പാദന ശേഷിയെ ബാധിക്കാറുണ്ട്. അതിനാൽ പോഷക സമ്പന്നമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ പ്രത്യുത്പാദനക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 പോഷകങ്ങൾ ഇവയാണ്.
ഫോളിക് ആസിഡ്
ഇലക്കറികൾ, പയർ വർഗങ്ങൾ, അവോക്കാഡോ തുടങ്ങിയവയിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഭീജത്തിന്‍റെയും അണ്ഡത്തിന്‍റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ പുരുഷ പ്രത്യുത്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത പ്രോത്സാഹിപ്പിക്കുമെന്ന് ഹ്യൂമൻ റീപ്രൊഡക്ഷനിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
വിറ്റാമിൻ ഡി
സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രത്യുത്പാദനക്ഷമതയ്ക്ക് അത്യന്താപേക്ഷിതമായ പോഷകമാണ് വിറ്റാമിൻ ഡി. ആർത്തവചക്രം നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായിക്കും. ബീജത്തിൻ്റെ ചലനശേഷി, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്താനും വിറ്റാമിൻ ഡി ഗുണം ചെയ്യും. അതിനാൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, പാൽ ഉത്പന്നങ്ങൾ, ഓട്‌സ്, ബദാം, സോയ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
ഹോർമോൺ ഉൽപാദനത്തിനും പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. സ്ത്രീകളിൽ മൊത്തത്തിലുള്ള പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണെന്ന് 2013 ൽ ഹ്യൂമൻ റീപ്രൊഡക്ഷനിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ബീജത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും ഇത് ഗുണകരമാണ്. അതിനാൽ കൊഴുപ്പുള്ള മത്സ്യം, ഫ്ലാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ്, വാൾനട്ട്സ് എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
സെലിനിയം
ശക്തമായ ഒരു ആന്‍റി ഓക്‌സിഡന്‍റാണ് സെലിനിയം. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ ഗുണം ചെയ്യുമെന്ന് ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പ്രത്യുത്പാദന കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കും. ബീജത്തിന്‍റെ ചലനത്തെ പിന്തുണയ്ക്കുകയും അണ്ഡത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. അതിനാൽ സെലീനിയം അടങ്ങിയിട്ടുള്ള ട്യൂണ, ചെമ്മീൻ, ബ്രസീൽ പരിപ്പ്, ബ്രൗൺ റൈസ്. ബാർലി, ഓട്‌സ്, മുട്ട, സൂര്യകാന്തി വിത്തുകൾ എന്നിവ കഴിക്കുക.
വിറ്റാമിൻ ഇ
പുരുഷന്മാരിൽ ബീജത്തിൻ്റെ ഗുണനിലവാരവും പ്രത്യുത്പാദനക്ഷമതയും മെച്ചപ്പെടുത്താൻ വിറ്റാമിൻ ഇ ഫലപ്രദമാണെന്ന് 2012 ൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. പ്രത്യുത്പാദന കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാനും അണ്ഡോത്പാദനം പ്രോത്സാഹിപ്പിക്കാനും വിറ്റാമിൻ ഇ സഹായിക്കും. അതിനാൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള ബദാം, സൂര്യകാന്തി വിത്തുകൾ, ചീര, അവോക്കാഡോകൾ, ഒലിവ് ഓയിൽ, മധുരക്കിഴങ്ങ് എന്നിവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : അമിതഭാരവും പുരുഷ വന്ധ്യതയും; ബീജങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ഇതാ ഒരു മാർഗം