തിരുവനന്തപുരം : ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമൊന്നുമില്ലെങ്കിലും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത കൗമാര പ്രതിഭകളൊക്കെ മികച്ച പ്രകടനം തന്നെയാണ് ഒന്നാം ദിനം കാഴ്‌ചവച്ചത്. പാതിരാത്രി കഴിഞ്ഞ പല മത്സരങ്ങളുടേയും ഫലം ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. ഒപ്പനയിലും സംഘനൃത്തത്തിലും കുച്ചുപ്പുടിയിലും ലളിതഗാനത്തിലും വീണയിലും കഥകളിയിലുമാണ് അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വീണയിലെ അപ്പീല്‍ ആദ്യ ദിവസം തന്നെ തള്ളി. കൊല്ലത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കലോത്സവത്തെ അപേക്ഷിച്ച് ആദ്യ ദിവസം അപ്പീലുകള്‍ കുറവാണ്.
നിലവാരത്തില്‍ ബഹുദൂരം മുന്നില്‍
ആദ്യ ദിവസത്തെ മത്സരങ്ങളില്‍ മിക്കതിലും കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗം മലയാളം പദ്യം ചൊല്ലലില്‍ 16 കുട്ടികള്‍ മത്സരിച്ചതില്‍ 16 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ജില്ലാ തലത്തില്‍ വിജയിച്ചു വന്നവരെക്കൂടാതെ അപ്പീലിലൂടെ എത്തിയ രണ്ട് കുട്ടികളും മത്സരിച്ചിരുന്നു. അറബന മുട്ടില്‍ പങ്കെടുത്ത 16 ടീമുകളില്‍ 15 പേര്‍ക്കും എ ഗ്രേഡ് കിട്ടി.
ഹൈസ്‌കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്തില്‍ മത്സരിച്ച 13 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. മാര്‍ഗം കളിയില്‍ ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ എന്‍ട്രി ഒഴികെ മത്സരിച്ച 16 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു. കോഴിക്കോട് സെന്‍റ് മൈക്കിള്‍സ് സ്‌കൂളിന്‍റെ ഫലം ഈ ഇനത്തില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.
സംഘനൃത്തത്തിന് 22 സംഘങ്ങള്‍
ഹയര്‍ സെക്കണ്ടറി വിഭാഗം സംഘ നൃത്തത്തില്‍ 22 ടീമുകളാണ് മത്സരിച്ചത്. 14 ടീമുകള്‍ക്ക് എ ഗ്രേഡ് ലഭിച്ചു. രണ്ട് ടീമുകള്‍ ഫലം ചോദ്യം ചെയ്‌ത് അപ്പീല്‍ സമര്‍പ്പിച്ചു. ആണ്‍കുട്ടികളുടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളിയില്‍ പങ്കെടുത്ത പതിനഞ്ച് ടീമുകളില്‍ 13 പേര്‍ക്കും എ ഗ്രേഡാണ്. ഒരു ടീമിന് ബി ഗ്രേഡ് ലഭിച്ചു.
കരുത്തുറ്റ മത്സരവുമായി ഒപ്പനസംഘം
ഒപ്പനയില്‍ മത്സരിക്കാന്‍ എത്തിയ മണവാട്ടികളും തോഴിമാരും ശക്തമായ മത്സരം തന്നെ കാഴ്‌ച വച്ചു. 22 ടീമുകള്‍ മത്സരിച്ചതില്‍ 16 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. രണ്ട് ടീമുകള്‍ക്ക് ബി ഗ്രേഡും. ഈ ഇനത്തില്‍ രണ്ട് അപ്പീലുകളും സംസ്ഥാന അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ചു.
നാദസ്വരത്തില്‍ മാറ്റുരയ്ക്കാന്‍ ഒറ്റപ്പെണ്‍കുട്ടി
ഹൈസ്‌കൂള്‍ വിഭാഗം നാദസ്വരത്തില്‍ ആകെ ആറു പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. നാലു പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. അഞ്ച് ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും നാദസ്വരം വായിക്കാനെത്തിയിരുന്നു. കണ്ണൂര്‍ സെന്‍റ് തെരേസാ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസുകാരി ദിയാ സലിലിന് പക്ഷേ സി ഗ്രേഡ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
പെണ്‍ ശബ്‌ദത്തില്‍ ഗസല്‍ മഴ
ഹൈസ്‌കൂള്‍ വിഭാഗം ഉറുദു ഗസല്‍ ആലാപനത്തില്‍ ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ മത്സരാര്‍ഥിയടക്കം 15 പേര്‍ മത്സരിച്ചതില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് കിട്ടിയത്. ഗസല്‍ മഴ പെയ്യിക്കാനെത്തിയവരില്‍ പന്ത്രണ്ട് പേരും പെണ്‍കുട്ടികളായിരുന്നു.
ആണ്‍കുട്ടികളുടെ സാന്നിധ്യമില്ലാത്ത കഥാരചന വേദി
ഹൈസ്‌കൂള്‍ വിഭാഗം കഥാ രചനയില്‍ പങ്കെടുത്ത പതിനാലു പേര്‍ക്കും എ ഗ്രേഡ് കിട്ടി. സംസ്ഥാന കലോത്സവത്തിലെ കഥയെഴുത്തുകാരില്‍ പതിനാലും പെണ്‍കുട്ടികളായിരുന്നു. കേരളത്തിന്‍റെ കാവ്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എത്തിയവരില്‍ ഏറെയും കവയിത്രികളായിരുന്നു. പാലക്കാട് കുമരംപുത്തൂര്‍ കെ എച്ച് എസിലെ പത്താം ക്ലാസുകാരന്‍ അദ്വൈത് രമേഷ് മാത്രമായിരുന്നു കൂട്ടത്തിലെ ഏക കവി.
തിളങ്ങാതെ കാര്‍ട്ടൂണും കന്നഡ പ്രസംഗവും വീണയും
കന്നഡ പ്രസംഗത്തില്‍ പക്ഷേ പങ്കെടുത്ത പല മത്സരാര്‍ഥികള്‍ക്കും ശോഭിക്കാനായില്ലെന്ന് ജഡ്‌ജസ് വിധിയെഴുതി. ആകെ പതിമൂന്ന് പേര്‍ മത്സരിച്ചതില്‍ ആറു പേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് കിട്ടിയത്. രണ്ടു പേര്‍ക്ക് ബി ഗ്രേഡും നാലുപേര്‍ക്ക് സി ഗ്രേഡും കിട്ടിയപ്പോള്‍ ഒരാള്‍ക്ക് ഗ്രേഡിന് അര്‍ഹതയില്ലെന്ന് വിധി കര്‍ത്താക്കള്‍ നിശ്ചയിച്ചു.
14 കൊച്ചു കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരിച്ച ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണില്‍ ഒന്‍പത് പേര്‍ക്കാണ് എ ഗ്രേഡ് നേടാനായത്. അഞ്ച് പേര്‍ക്ക് ബി ഗ്രേഡ് ലഭിച്ചു. പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ 15 പേരാണ് മത്സരിച്ചത്. 10 പേര്‍ക്ക് എ ഗ്രേഡ് കിട്ടി. അഞ്ച് പേര്‍ക്ക് ബിയും. ആണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ 14 പേര്‍ മത്സരിച്ചതില്‍ എട്ട് പേര്‍ക്ക് എ ഗ്രേഡും ആറു പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു. ഈ ഇനത്തില്‍ ഒരു മത്സരാര്‍ഥി സംസ്ഥാന അപ്പീല്‍ കമ്മിറ്റിക്ക് അപ്പീല്‍ സമര്‍പ്പിച്ചു.
വീണയില്‍ 10 പേര്‍ മത്സരിച്ചതില്‍ ആറു പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. മൂന്ന് പേര്‍ക്ക് ബിയും ഒരാള്‍ക്ക് സി ഗ്രേഡും കിട്ടി. അപ്പീല്‍ കമ്മിറ്റിക്ക് ലഭിച്ച ഒരു അപ്പീല്‍ ഈ ഇനത്തില്‍ തള്ളപ്പെട്ടു. പാശ്ചാത്യ ഗിറ്റാറില്‍ 14 പേര്‍ മത്സരിക്കാനിറങ്ങിയതില്‍ എട്ട് എ ഗ്രേഡും ആറു ബി ഗ്രേഡും ലഭിച്ചു.
കുച്ചുപ്പുടി വേദിയില്‍ നര്‍ത്തകിമാരുടെ ബാഹുല്യം
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുഡി മത്സരത്തില്‍ മത്സരാര്‍ഥികളുടെ ബാഹുല്യമായിരുന്നു. 10 പേര്‍ സ്പെഷ്യല്‍ ഓര്‍ഡറിലൂടെ മത്സരിക്കാനെത്തിയപ്പോള്‍ ആകെ 24 മത്സരാര്‍ഥികളായി. 13 പേര്‍ക്ക് എ ഗ്രേഡ് കിട്ടിയപ്പോള്‍ ഒരാള്‍ക്ക് ബി ഗ്രേഡ് ലഭിച്ചു. രണ്ടു മത്സരാര്‍ഥികള്‍ ഫലത്തില്‍ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍ കുട്ടികളുടെ മോഹിനിയാട്ടത്തില്‍ 23 പേരാണ് മത്സരിച്ചത്. 15 പേര്‍ക്ക് എ ഗ്രേഡ് കിട്ടി. ഈ ഇനത്തില്‍ സംസ്ഥാന അപ്പീല്‍ കമ്മിറ്റിക്ക് ഒരു അപ്പീലും ലഭിച്ചു.
ഇംഗ്ലീഷ് സ്‌കിറ്റില്‍ നാല് സ്പെഷ്യല്‍ ഓര്‍ഡറുകള്‍ അടക്കം 18 ടീമുകളാണ് മത്സരിച്ചത്. ഇതില്‍ 15 പേര്‍ക്ക് എ ഗ്രേഡും രണ്ട് ടീമുകള്‍ക്ക് ബി ഗ്രേഡും കിട്ടി. മംഗലം കളിയില്‍ 17 മത്സസരാര്‍ഥികളാണ് ഉണ്ടായിരുന്നത്. 13 പേര്‍ക്ക് എ ഗ്രേഡും രണ്ട് പേര്‍ക്ക് ബി ഗ്രേഡും കിട്ടി. ചാക്യാര്‍കൂത്തില്‍ മത്സരിച്ച 12 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. പഞ്ചവാദ്യത്തില്‍ 13 ടീമുകളാണ് മത്സരിച്ചത്. 11 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. ഒരു ടീമിന് ബിയും ഒരു ടീമിന് സി ഗ്രേഡും ലഭിച്ചു. മലയാളം കവിതാരചനയില്‍ 14 പേര്‍ മത്സരിച്ചതില്‍ 10 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു. നാല് പേര്‍ക്ക് ബിയും. കന്നഡ പദ്യം ചൊല്ലലില്‍ 14 പേര്‍ മത്സരിച്ചതില്‍ 12 എ ഗ്രേഡും രണ്ട് ബി ഗ്രേഡും ലഭിച്ചു.
കഥകളിയില്‍ മത്സാര്‍ഥികള്‍ക്ക് ക്ഷാമം
കഥകളിയിലൂടെ നവരസങ്ങള്‍ വിരിയിക്കാന്‍ ഇത്തവണ മല്‍സരാര്‍ഥികള്‍ കുറവായിരുന്നു. ആകെ പത്തു പേര്‍ മത്സരിച്ചതില്‍ അഞ്ച് പേര്‍ക്ക് എയും നാലുപേര്‍ക്ക് ബിയും ലഭിച്ചു.
പ്രാസംഗികരില്‍ പന്ത്രണ്ട് പേര്‍ക്കും എ ഗ്രേഡ്
14 കൊച്ചു പ്രാസംഗികര്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗത്തില്‍ മത്സരിച്ചപ്പോള്‍ 12 പേര്‍ക്കും എ ഗ്രേഡ് ലഭിച്ചു. രണ്ട് പേര്‍ക്ക് ബി ഗ്രേഡാണ്.
Also Read: കസവ് നേര്യതും പാലയ്‌ക്കാ മാലയും, തിരുവാതിരയിലെ വയനാടന്‍ ഭംഗി; ചിത്രങ്ങള്‍ കാണാം