ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിനെത്തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൂടാതെ തന്‍റെയും കോണ്‍ഗ്രസിന്‍റെയും മഹത്തായ പിന്തുണ കുടുംബത്തിന് ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു (Rahul Gandhi To Meet Kejriwal's Family To Offer Legal Assistance).
കൂടുതൽ നിയമസഹായം വാഗ്‌ദാനം ചെയ്യുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കെജ്‌രിവാളിനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തെയോ കാണാൻ ശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള സംഘം ഇന്നലെ കെജ്‌രിവാളിൻ്റെ വസതിയിലെത്തിയിരുന്നു.
നാടകീയമായ സാഹചര്യങ്ങൾക്കിടയിലാണ് കെജ്‌രിവാളിൻ്റെ വസതിയിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌ത് പിന്നീട് ഏജൻസിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയത്. ഒരു മെഡിക്കൽ സംഘവും ഇഡി ഓഫിസിലെത്തിയിരുന്നു. അതേസമയം അറസ്‌റ്റിനെ തുടർന്ന് എഎപി പ്രവർത്തകരും മറ്റ് നേതാക്കളും കെജ്‌രിവാളിന് പിന്തുണ നൽകിയിരുന്നു.
ഇന്ത്യ മുന്നണിയിലെ നേതാക്കളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡൽഹി മുഖ്യമന്ത്രിക്കെതിരായ ഇഡിയുടെ നടപടികൾക്ക് ബിജെപി നേതാക്കൾ പിന്തുണ നൽകുകയും സത്യം ജയിക്കണം എന്ന് ഊന്നിപ്പറയുകയും ചെയ്‌തു.