ഇൻഡോര്‍ (മധ്യപ്രദേശ്): ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന ആണവ ശാസ്‌ത്രജ്ഞനില്‍ നിന്ന് 71 ലക്ഷം രൂപ തട്ടിയെടുത്തു. സിബിഐയുടെയും ട്രായിയുടെയും പേരിലാണ് ശാസ്‌ത്രജ്ഞനില്‍ നിന്ന് 71 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് ഇൻഡോറിലെ പൊലീസ് വ്യക്തമാക്കി. രാജാ രാമണ്ണ അഡ്വാൻസ്‌ഡ് ടെക്നോളജി സെന്‍ററില്‍ (ആർആർസിഎടി) സയന്‍റിഫിക് അസിസ്‌റ്റന്‍റായി ജോലി ചെയ്യുന്നയാളാണ് 71 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായത്. സ്‌ത്രീപീഡനം ആരോപിച്ചായിരുന്നു സിബിഐ ട്രായ് ഉദ്യോഗസ്ഥരെന്ന വ്യാജേന ശാസ്‌ത്രജ്ഞനെ കബളിപ്പിച്ചത്.
സെപ്‌തംബർ ഒന്നിന് തട്ടിപ്പ് സംഘത്തിലെ ഒരു അംഗം ശാസ്‌ത്രജ്ഞനെ വിളിക്കുകയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തു. പിന്നീട്, ശാസ്‌ത്രജ്ഞന്‍റെ പേരില്‍ ഡൽഹിയിൽ നിന്ന് എടുത്ത ഒരു സിം കാർഡ് വഴി സ്‌ത്രീപീഡനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഫോണിലൂടെ നിരവധിപേര്‍ക്ക് അയച്ചെന്നും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുമെന്നും ഇരയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഇരയോട് പറയുകയും, സംഘത്തിലെ മറ്റൊരു അംഗം സബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ശാസ്‌ത്രജ്ഞനെയും ഭാര്യയെയും വീഡിയോ കോളിലൂടെ ചോദ്യം ചെയ്യുകയും ചെയ്‌തു. ഭയം മൂലമാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി 71.33 ലക്ഷം രൂപ ഇര നിക്ഷേപിച്ചതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്താണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്? കേരളത്തിലും തട്ടിപ്പ് വ്യാപകം
സൈബർ തട്ടിപ്പിന്‍റെ ഭാഗമായി നടക്കുന്ന വ്യാജ ഡിജിറ്റൽ അറസ്‌റ്റുകൾ നിലവില്‍ രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാർ ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളുകൾ വഴി വിളിക്കുകയും, നിയമപാലകരാണെന്ന് പരിചയപ്പെടുത്തി ഇരകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നതുമാണ് രീതി. ഇരയുടെ ഫോണുകളില്‍ നിന്ന് പെണ്‍കുട്ടികളുടെ അടക്കം അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞോ, ഇരയുടെ മൊബൈല്‍ നമ്പർ ഉപയോഗിച്ച് മറ്റെന്തെങ്കിലും നിയമവിരുദ്ധമായ പ്രവർത്തി നടന്നെന്ന് പറഞ്ഞോ സിബിഐ, ഇഡി, പൊലീസ് ഉള്‍പ്പെടെയുള്ള നിയമപാലകരെന്ന് വ്യാജേന പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിലും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാണ്. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ആണെന്ന വ്യാജേന എറണാകുളം സ്വദേശിയില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പില്‍ നിന്നും എങ്ങനെ സുരക്ഷിതരാകാം?
ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആധാർ കാർഡ് നമ്പർ, പാൻ കാർഡ് പോലുള്ള വിവരങ്ങൾ കൈമാറരുത്. പണം യാതൊരു കാരണവശാലും നൽകരുത്. സംശയം തോന്നുന്ന ഇത്തരം കോളുകൾ അപ്പോൾ തന്നെ പൊലീസിനെയോ മറ്റ് അധികൃതരെയോ വിളിച്ച് അറിയിക്കുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും 1930 എന്ന നമ്പറിലും വിളിച്ച് ഏത് സമയത്തും വിവരങ്ങൾ കൈമാറാം. കേരള സൈബര്‍ പൊലീസിലും പരാതി നല്‍കാവുന്നതാണ്.
Read Also: 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്ന് തട്ടിയത് ഒന്നര കോടിയോളം രൂപ