കോഴിക്കോട്: കേരളത്തിലെ കിഫ്ബി റോഡുകൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി പഠന റിപ്പോർട്ട് തയ്യാറാകുന്നു. എഐ ക്യാമറ വഴി ഫാസ്‌ടാഗിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനത്തെ കുറിച്ച് കെൽട്രോണും കിഫ്ബിയും ചേർന്നാണ് സാധ്യതാ പഠനം നടത്തിയത്. കെൽട്രോണും നാഷണൽ പേയ്മെന്‍റ്സ് കോര്‍പറേഷനുമായി ചേര്‍ന്ന് ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
കിഫ്ബി ഫണ്ടിൽ നിർമിച്ച 50 കോടി രൂപയോ അതിന് മുകളിലോ മുതൽ മുടക്കുള്ള പാതകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. ടോൾ ബൂത്തുകൾ ഒഴിവാക്കി ജിപിഎസ് വഴിയും ക്യാമറ വഴിയും ടോൾ പിരിക്കാൻ തുടങ്ങിയാൽ യാത്രക്കാർ അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം പോകും. ടോൾ പിരിക്കുന്ന റോഡിൽ പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കും.

10 മുതൽ 15 കിലോമീറ്റർ വരെ യാത്ര സൗജന്യമാക്കുന്ന തരത്തിലാണ് ആലോചന. യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതി. തദ്ദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കും. ഈ സംവിധാനത്തിൽ ആദ്യം വേണ്ടത് ഫാസ്‌ടാഗ് ആണ്.
ഇലക്ട്രോണിക്കായി ടോൾ സ്വീകരിക്കുന്നതിനുള്ള സംവിധാനമാണ് ഫാസ്‌ടാഗ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്.
വാഹന ഉടമസ്ഥന്‍റെ പ്രീപെയ്‌ഡ് അക്കൗണ്ടിൽ നിന്നും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്‍റെ വിൻഡ്ഷീൽഡിൽ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാം. നിലവിൽ രാജ്യത്തെ 58 ലക്ഷം വാഹനങ്ങളിൽ ഫാസ്‌ടാഗ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്‌ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്‌ടാഗ് ടോള്‍ പ്ലാസകളില്‍ നിന്നും മുന്‍നിര ബാങ്കുകളില്‍ നിന്നും വാങ്ങാം.

മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്‌ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്‌ടാഗ് ലഭിക്കും. അഞ്ച് വര്‍ഷം ഫാസ്‌ടാഗ് അക്കൗണ്ടിന്‍റെ കാലാവധി. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്‌ടാഗ് അക്കൗണ്ടിൽ ലോഗിന്‍ ചെയ്‌ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണമടയ്ക്കാം. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്‌ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല.
കിഫ്ബി പാതയിൽ...
ടോൾ ബൂത്തുകൾ ഒഴിവാക്കി ടോൾ പിരിക്കുന്ന സംവിധാനമാണ് കിഫ്ബി റോഡുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം കിഫ്ബി റോഡുകളുടെ തുടക്കത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. നിശ്ചിത കിലോമീറ്റർ കഴിയുമ്പോൾ റോഡരികിലെ എഐ ക്യാമറയിൽ വാഹനങ്ങളിൽ ഘടിപ്പിച്ച ഫാസ്‌ടാഗ് ക്യുആർ കോഡ് റീഡാകും. അതിൽ തന്നെ ജിപിഎസ് സംവിധാനവും ഉണ്ടാകും. ഇതോടെ അക്കൗണ്ടിൽ നിന്നും പണം പോകും.
അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ ഇരട്ടി തുക പിഴയാകും. മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന വിലാസത്തിലെ ഫോൺ നമ്പറിലേക്ക് ചലാൻ എത്തും. പിഴ പെട്ടെന്ന് അടച്ചിലെങ്കിലും ഇൻഷൂറൻസ് പുതുക്കൽ, വാഹന കൈമാറ്റം.. തുടങ്ങിയ വേളകളിൽ പിഴ അതിന്‍റെയും പിഴയോട് കൂടി നിർബന്ധമായി അടക്കേണ്ടി വരും.

ഫാസ്‌ടാഗില്ലാതെ കിഫ്ബി റോഡിലൂടെ യാത്ര ചെയ്‌താലും ഇതേ വിധത്തിൽ തന്നെ പിഴ ഈടാക്കപ്പെടും. ടോൾ ഈടാക്കുമ്പോൾ പാക പിഴവുകൾ സംഭവിച്ചാൽ തുക തിരിച്ച് നൽകുന്നത് അടക്കം റിപ്പോർട്ടിൽ ഉണ്ടാകുമെന്ന് കെൽട്രോൺ അസി.മാനേജർ വ്യക്തമാക്കി.
ഫാസ്‌ടാഗ് നിയമങ്ങള്‍..
രാജ്യത്ത് പുതിയ ഫാസ്‌ടാഗ് നിയമങ്ങള്‍ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിലായിരിക്കുകയാണ്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻ പി സി ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയത്. ഈ മാറ്റം ഫാസ്‌ടാഗ് ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. എന്തൊക്കെയാണ് ടോള്‍ പ്ലാസ കടക്കുന്നവര്‍ ഇന്ന് മുതല്‍ അറിയേണ്ടത്.
- വാഹനങ്ങളിലെ ഫാസ്‌ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്‌ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
- ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്‌ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.
- ഫാസ്‌ടാഗ് സ്‌കാന്‍ ചെയ്‌ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
- ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്‌താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.
- നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്‍റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
Also Read: സംസ്ഥാനത്ത് ഇനി ആർസി ബുക്കുകളും ഡിജിറ്റലാകും; വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ കയ്യില്‍ കിട്ടും