കാസർകോട്: തെരഞ്ഞെടുപ്പ് കാലങ്ങളിൽ ബിജെപിക്കെതിരെ എതിർപാർട്ടികൾ ആയുധമാക്കുന്ന മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കോടതി തള്ളി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസാണ് തള്ളിയത്. തെളിവുകളുടെ അഭാവത്തിലാണ് സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി കാസർകോട് ജില്ലാ സെഷൻസ് കോടതി അംഗീകരിച്ചത്. 6 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.
സിപിഎം ലീഗ് നേതാക്കളുടെ ഗൂഡാലോചനയാണ് കേസിന് പിന്നിലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി രണ്ടര ലക്ഷം രൂപയും ഫോണും വാങ്ങി നൽകി നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു പരാതി. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശനാണ് പരാതി നൽകിയത്.
കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ സുരേന്ദ്രന്‍റെ ചീഫ് ഏജന്‍റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റായ്, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരായിരുന്നു മറ്റു പ്രതികള്‍. കേസ് കോടതി പരിഗണിക്കുന്നതിനിടെ സുരേന്ദ്രൻ വിടുതൽ ഹർജി നൽകുകയായിരുന്നു. കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് മുഴുവൻ പ്രതികളേയും കോടതി വെറുതെ വിട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പിൽ നിന്നും തന്നെ അയോഗ്യനാക്കാൻ സിപിഎം ലീഗ് നേതാക്കൾ നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് തെളിഞ്ഞതായി സുരേന്ദ്രൻ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യമായെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ ശ്രീകാന്ത് വ്യക്തമാക്കി. പാലക്കാട് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോഴക്കേസിൽ കുറ്റവിമുക്തനായത് സുരേന്ദ്രന് രാഷ്ട്രീയമായി മേൽക്കൈ നൽകും എന്നാണ് വിലയിരുത്തൽ.
Also Read:തൃശൂർ പൂരം കലക്കൽ: ആര്‍എസ്എസിന് ഒന്നും മറയ്ക്കാനില്ലെന്ന് കെ സുരേന്ദ്രൻ