പൂനെ (മഹാരാഷ്‌ട്ര): ഹിന്ദുത്വ സൈദ്ധാന്തികൻ വി ഡി സവർക്കറിനെതിരെയുള്ള മാനനഷ്‌ടക്കേസിൽ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. പൂനെയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 23ന് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകണം. 2023 മാർച്ചിൽ ലണ്ടനിൽ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിൽ സവര്‍ക്കരെ അപമാനിച്ചെന്നും, അപകീര്‍ത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സവര്‍ക്കറുടെ ചെറുമകൻ സത്യകി സവർക്കർ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.
സവര്‍ക്കറും സുഹൃത്തുക്കളും ചേർന്ന് ഒരിക്കൽ ഒരു മുസ്‌ലിമിനെ മർദ്ദിച്ചതായി വി ഡി സവർക്കർ ഒരു പുസ്‌തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ലണ്ടനിലെ പ്രസംഗത്തിനിടെ പറഞ്ഞതായി സത്യകി സവർക്കർ തന്‍റെ പരാതിയിൽ ആരോപിച്ചു. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സവർക്കർ ഒരിടത്തും മുസ്‌ലിങ്ങള്‍ക്കെതിരെ എഴുതിയിട്ടില്ലെന്നും സത്യകി സവർക്കർ പറഞ്ഞു. സവര്‍ക്കറിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സത്യകി സവർക്കറുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൂനെ കോടതി നേരത്തെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ പ്രഥമദൃഷ്‌ട്യാ സത്യമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 500 (മാനനഷ്‌ടം) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.`
സവര്‍ക്കര്‍ ബീഫ് കഴിച്ചിട്ടില്ലെന്ന് ചെറുമകൻ
സവർക്കറെ അപകീർത്തിപ്പെടുത്തുക എന്നത് കോൺഗ്രസിന്‍റെ തന്ത്രമാണെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ, തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഹിന്ദു സമൂഹത്തെ വിവിധ ജാതികളായി വിഭജിക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം, അത് ബ്രിട്ടീഷുകാരുടെ 'വിഭജിച്ച് ഭരിക്കുക' എന്ന നയത്തിന് തുല്യമാണ്. സവർക്കർ 'ബീഫ് കഴിക്കുന്നു' എന്ന അവകാശവാദം തെറ്റാണെന്നും രഞ്ജിത് സവർക്കർ പറഞ്ഞിരുന്നു. സവര്‍ക്കര്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ഗുണ്ടു റായിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. വിനായക് ദാമോദർ സവർക്കർ ഒരു മാംസഹാരിയാണെന്നും ഗോവധത്തിനെതിരല്ലെന്നും ദിനേശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.