ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് ഡിമാൻഡ് ഏറിവരുകയാണ്. ഇത് പ്രമുഖ വാഹന നിർമ്മാണ കമ്പനികൾക്ക് വലിയ തോതിൽ നേട്ടം ചെയ്‌തിട്ടുണ്ട്. അതിനാൽ തന്നെ പ്രമുഖ കമ്പനികൾ ഈ വർഷം നിരവധി എസ്‌യുവികൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2024ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മികച്ച പത്ത് എസ്‌യുവികൾ പരിശോധിക്കാം.
1. ടാറ്റ കർവ്:
ഇന്ത്യൻ വാഹന നിർമ്മാതാവായ ടാറ്റ മോട്ടോർസ് 2024 ഓഗസ്റ്റ് 7നാണ് തങ്ങളുടെ എസ്‌യുവി ആയ ടാറ്റ കർവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്‍റുകളുടെ വില. ടാറ്റ കർവ് ഇന്ത്യയുടെ ആദ്യത്തെ എസ്‌യുവി കൂപ്പെ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 6 എയർബാഗുകൾ, ലെവൽ 2 ADAS, അഡ്വാൻസ്‌ഡ് ഇഎസ്‌പി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് ഈ എയ്‌യുവിയിൽ. ഇക്കോ, സിറ്റി, സ്പോർട്‌സ് എന്നീ റൈഡ് മോഡുകളും നൽകിയിട്ടുണ്ട്.
2. ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ:
ജാപ്പനീസ് കാർ നിർമ്മാതാവായ ടൊയോട്ടയുടെ അർബൻ ക്രൂയിസർ ടൈസർ 2024 ഏപ്രിൽ 3നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മാരുതി ഫ്രോങ്സിനെ അടിസ്ഥാനമാക്കി നിർമിച്ച പതിപ്പാണ് ഇത്. എക്‌സ്റ്റീരിയർ ഡിസൈനിൽ മാറ്റം വരുത്തിയതിനൊപ്പം കൂടുതൽ കളർ ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്. പെട്രോൾ-സിഎൻജി വേരിയൻ്റുകളിൽ ടൈസർ ലഭ്യമാവും. 22.8 കിലോ മീറ്റർ മൈലേജുള്ള മോഡലിന്‍റെ പ്രാരംഭവില 7.73 ലക്ഷം ആണ്.
3. മഹീന്ദ്ര ഥാർ റോക്‌സ്:
തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഥാറിൻ്റെ 5-ഡോർ പതിപ്പ് 2024 ഓഗസ്റ്റ് 15നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 12.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഥാർ റോക്‌സിന് ബുക്കിങ് ആരംഭിച്ച് വെറും ഒരു മണിക്കൂറിനകം 1,76,218 ബുക്കിങുകൾ ലഭിച്ചതായി മഹീന്ദ്ര നേരത്തെ അറിയിച്ചിരുന്നു. 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനുള്ള ഥാർ റോക്‌സ് 6-സ്‌പീഡ് മാനുവൽ ഡീസൽ എഞ്ചിനിലും ഓട്ടോമാറ്റിക് ഡീസൽ എഞ്ചിനിലും ഥാർ റോക്‌സ് ലഭ്യമാകും. ലെവൽ 2 ADAS ടെക്‌നോളജി, കണക്‌റ്റഡ് കാർ ടെക്‌നോളജി, ഇൻ്റലിജൻ്റ് ടേൺ ഫങ്‌ഷൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിങ് പാഡ്, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് ലോക്കിങ് ഡിഫറൻഷ്യൽ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
4. മഹീന്ദ്ര 3XO:
മഹീന്ദ്ര 2024 ഏപ്രിൽ 29ന് പുറത്തിറക്കിയ എസ്‌യുവി ആണ് മഹീന്ദ്ര 3 എക്‌സ്ഒ. 7.49 ലക്ഷം രൂപയാണ് പ്രാരംഭവില. മഹീന്ദ്ര XUV300 ന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇത്. ഡിസൈനിൽ ചെറിയ മാറ്റം വരുത്തിയതിനൊപ്പം നിരവധി ഫീച്ചറുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. പുതിയ ക്യാബിനും പുതുക്കിയ ഓട്ടോമാറ്റിക് ഗിയർബോക്‌സും നൽകിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വേരിയന്‍റുകളിൽ മഹീന്ദ്ര 3 എക്‌സ്ഒ ലഭ്യമാവും.
5. ഫോഴ്‌സ് ഗൂർഖ 5-ഡോർ:
ഫോഴ്‌സ് ഗൂർഖയുടെ 5-ഡോർ മോഡലും പുതുക്കിയ 3-ഡോർ മോഡലും 2024 മെയ് 2 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 3-ഡോർ മോഡലിന്‍റെ വില 16.75 ലക്ഷം രൂപയും 5-ഡോർ മോഡലിന്‍റെ വില 18 ലക്ഷം രൂപയുമാണ്. 2.6 ലിറ്റർ മെഴ്‌സിഡീസ് ഡീസൽ എഞ്ചിനാണ് ഇരുമോഡലിലും നൽകിയിരിക്കുന്നത്.
6. മെഴ്‌സിഡസ് ബെൻസ് GLA ഫേസ്‌ലിഫ്റ്റ്:
2024 ജനുവരി 31നാണ് മെഴ്‌സീഡിസ് ബെൻസ് തങ്ങളുടെ ആഢംബര എസ്‌യുവി ആയ ജിഎൽഎയുടെ പുതുക്കിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഡിസൈനിൽ ചെറിയ മാറ്റങ്ങളോടൊപ്പം കൂടുതൽ സാങ്കേതിക സവിശേഷതകളും പുതിയ മോഡലിലുണ്ടാവും. ജിഎൽഎ 200, ജിഎൽഎ 220 ഡി 4 മാറ്റിക്, ജിഎൽഎ 220 ഡി 4 മാറ്റിക് എഎംജി ലൈൻ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളായാണ് കാർ ലഭ്യമാകുക. 50.50 ലക്ഷം രൂപയാണ് പ്രാരംഭ വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്.
7. ഔഡി ക്യു8 ഫെയ്‌സ്‌ലിഫ്റ്റ്:
2024 ഓഗസ്റ്റ് 22നാണ് ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ എസ്‌യുവി ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ബാഹ്യ ഡിസൈനുകളിൽ ചെറിയ മാറ്റങ്ങളോടെയാണ് ഔഡി Q8 ലോഞ്ച് ചെയ്‌തത്. 3 ലിറ്റർ ടർബോ പെട്രോൾ V6 എഞ്ചിൻ പുതിയ മോഡലിലും നിലനിർത്തിയിട്ടുണ്ട്. 8 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി യോജിപ്പിച്ച 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും ഉണ്ടായിരിക്കും. 1.17 കോടി രൂപയാണ് വില.
8. റേഞ്ച് റോവർ ഇവോക്ക് ഫെയ്‌സ്‌ലിഫ്റ്റ്:
2024 ജനുവരി 30നാണ് ജാഗ്വാർ ലാൻഡ് റോവറിന്‍റെ റേഞ്ച് റോവർ ഇവോക്കിന്‍റെ പുതിയ പതിപ്പ് 2024 ജനുവരി 30 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 67.90 ലക്ഷം രൂപയാണ് വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ ലക്ഷ്വറി എസ്‌യുവി ലഭ്യമാവും. അഞ്ച് പേർക്ക് ഇരിക്കാവുന്ന കാർ അഞ്ച് എക്സ്റ്റീരിയർ പെയിന്‍റ് ഷേഡുകളിൽ ലഭ്യമാണ്. പുതുക്കിയ പതിപ്പിൽ ഇന്‍റീരിയറിലാണ് കൂടുതൽ മാറ്റങ്ങൾ വരുത്തിയത്.
9. നിസാൻ എക്‌സ് -ട്രെയിൽ (നാലാം തലമുറ):
2024 ഓഗസ്റ്റ് 1 നാണ് നിസാന്‍റെ ഇന്ത്യൻ വാഹന വിപണിയിലേക്ക് എക്‌സ് ട്രെയിൽ എത്തുന്നത്. 49.92 ലക്ഷം രൂപയാണ് പ്രാരംഭ വില. മികച്ച എയറോഡൈനാമിക് സവിശേഷതകളോടെയാണ് നാലാം തലമുറ എക്‌സ് ട്രെയിൽ അവതരിപ്പിച്ചത്. 204 ബിഎച്ച്‌പി പവറും 305 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന 1.5 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
10. മിനി കൺട്രിമാൻ ഇലക്‌ട്രിക് (മൂന്നാം തലമുറ):
2024 ജൂലൈയിലാണ് മൂന്നാം തലമുറ കൺട്രിമാൻ ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതുക്കിയ പതിപ്പിൽ കാറിന്‍റെ വലിപ്പം വർധിപ്പിച്ചിട്ടുണ്ട്. കൺട്രിമാൻ ഇലക്ട്രിക് ഇ വേരിയൻ്റ് FWD സജ്ജീകരണത്തോടെയാണ് വരുന്നത്. 201 bhp പവറും 250nm ടോർക്കും ഉത്‌പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. 66.45 kWh ബാറ്ററി പായ്ക്കാണ് കാറിൽ നൽകിയിരിക്കുന്നത്. 462 കിലോമീറ്റർ വരെ പരമാവധി റേഞ്ച് നൽകാൻ ഈ ബാറ്ററി പായ്‌ക്കിനാവും. 5 സീറ്റുകളുള്ള ൺട്രിമാൻ ഇലക്ട്രിക് 54.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വിൽക്കുന്നത്.
Also Read:
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- കിടിലൻ ലുക്കിൽ കിയ സിറോസ്: ആറ് വേരിയന്‍റുകളും ഫീച്ചറുകളും
- ആപ്പിൾ വിഷൻ പ്രോ മുതൽ ട്രൈഫോൾഡ് സ്‌മാർട്ട്‌ഫോൺ വരെ: 2024ൽ ടെക് മേഖലയിൽ ഓളം സൃഷ്‌ടിച്ച ഉപകരണങ്ങൾ
- പുതുപുത്തൻ ഇന്‍റീരിയറും എക്‌സ്റ്റീരിയറും, കൂടുതൽ സുരക്ഷാ ഫീച്ചറുകളും: കാമ്രിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു
- വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം