ജുൽന: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കവെ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ഗുസ്‌തി താരവും ജുലാന നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ട്. ചാര്‍ഖി ദാദ്രിയിലെ പോളിങ് സ്റ്റേഷനില്‍ എത്തിയാണ് ഫോഗട്ട് വോട്ട് രേഖപ്പെടുത്തിയത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഒരു ഉത്സവമായാണ് സംസ്ഥാനത്തെ ജനങ്ങള്‍ കാണുന്നതെന്നും, ഇത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസമാണെന്നും ഫോഗട്ട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
"ഹരിയാനയ്ക്ക് ഇത് ഒരു വലിയ ഉത്സവവും സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതൊരു വലിയ ദിവസവുമാണ്. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 10 വർഷം മുമ്പ്, ഭൂപീന്ദർ ഹൂഡ മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്തെ കായിക നിലവാരം ശരിക്കും മികച്ചതായിരുന്നു. എന്നാല്‍ ഇന്ന് അത്തരം ഒരു സാഹചര്യം ഇല്ല" താരം പ്രതികരിച്ചു.
ബിജെപിയെ വിമര്‍ശിച്ചും കര്‍ഷക സമരങ്ങളെ പിന്തുണച്ചും വിനേഷ് ഫോഗട്ട് രംഗത്തെത്തി. സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പാർട്ടിക്ക് വേണ്ടി ഹരിയാനയിലെ ജനങ്ങള്‍ വോട്ട് ചെയ്യുക, താൻ ഏത് പാർട്ടിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വിജയപ്രതീക്ഷ എപ്പോഴും ഉണ്ട്, ഇന്ന് വോട്ട് ചെയ്യാനുള്ള ദിവസമാണ്. കർഷകരോടും മറ്റുള്ളവരോടും ബിജെപി ചെയ്‌തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഫോഗട്ട് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസും ബിജെപിയും
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ ഹരിയാനയില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു. കർഷക പ്രതിഷേധങ്ങളും, ഗുസ്തി താരങ്ങളുടെ സമര പോരാട്ടങ്ങളും പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
ഹരിയാനയിൽ ഇന്ന് (ഒക്‌ടോബർ 5) നിയമസഭ തെരഞ്ഞെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചിരുന്നു. പോളിങ് വൈകിട്ട് 6 മണി വരെ നീളും. 90 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തുടനീളം 20,632 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2 കോടിയിലധികം വോട്ടർമാരാണ് ഹരിയാനയിലുള്ളത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എക്‌സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30ന് ശേഷം മാത്രമേ പുറത്തുവിടൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒക്‌ടോബർ 8ന് ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും.
Read Also: ഹരിയാന ഇന്ന് വിധിയെഴുതും; പോളിങ് ആരംഭിച്ചു